സൗദിയിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
റിയാദ് : സൗദിയിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്. വാഹനം ഓടിക്കുന്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും കണ്ടെത്തി നിയമ ലംഘനം രജിസ്റ്റർ ചെയ്യുന്ന ക്യാമറ സംവിധാനം തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. റിയാദ്, ജിദ്ദ, ദമാം എന്നീ പട്ടണങ്ങളിൽ പരീക്ഷണാർത്ഥമാണ് പദ്ധതി നടപ്പിലാക്കുന്നത്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ തിരിയുന്ന പ്രവൃത്തികൾക്ക് പിഴ ശിക്ഷ ലഭിക്കും.
വെളളം കുടിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയവ ശിക്ഷാർഹമാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മറ്റുളളവരെ ആകർഷിക്കാൻ വാഹനങ്ങളിൽ എഴുത്തുന്നതും സ്നാപ് ചാറ്റ് ഐഡി പതിക്കുന്നതും ശിക്ഷാർഹമാണ്. അനുമതിയില്ലാതെ വാഹനങ്ങളുടെ ഷെയ്പ്പിൽ മാറ്റം വരുത്തുന്നത് നിയമ ലംഘനമാണ്. എന്നാൽ സിഗ്നൽ ചുവപ്പ് ആയിരിക്കുന്പോൾ വലതുവശത്തേക്ക് തിരിഞ്ഞ് പോകാൻ കാറുകൾക്ക് അനുമതിയുണ്ട്.

