വൈദികനെ കുത്തിയത് കൊലപ്പെടുത്താൻ തന്നെയെന്ന് പൊലീസ്


കൊച്ചി : മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടിയാണ് മുൻ കപ്യാർ ജോണി കത്തിയുമായി കുരിശുമല കയറിയതെന്ന് പൊലീസ്. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതർക്കമുണ്ടാകുകയും ജോണി പുരോഹിതനെ ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റിൽ കുത്താനായിരുന്നു ശ്രമിച്ചതെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാൽ ഈ ശ്രമം പാളിയതോടെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.

പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവിൽ പോയ കപ്യാർ ജോണിയെ കുരിശുമുടി പാതയിലെ കാട്ടിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നലെ പിടികൂടിയത്. ജോണിയെ പൊലീസ് കളമശേരി എആർ ക്യാംപിൽ ചോദ്യം ചെയ്തു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നൽകി. പരന്പരാഗതമായി മലയാറ്റൂർ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെ കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിർത്തി ഇടതു തുടയിൽ കുത്തിയത്. നാട്ടുകാർ ഉടൻ തന്നെ ചുമന്നു താഴ്‌വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാർന്നു മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed