രാജ്യത്തെ പൗരന്മാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സൗദി അറേബ്യ


റിയാദ് : ഖത്തർ എയർവെയ്സിന് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് സൗദി അറേബ്യ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെടുത്തതെന്ന് സൗദി വ്യോമയാന വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു. സൗദിയും യുഎഇയും ബഹ്റൈനും വ്യോമാതിർത്തി അടച്ചത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന ഖത്തർ എയർവെയ്സ് ചീഫ് എക്സിക്യൂട്ടീവിന്റെ വാദത്തോടുള്ള മറുപടിയാണ് സൗദി അറിയിച്ചത്.

ഭീകര പ്രവർത്തനത്തെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സൗദിയുൾപ്പെടെയുള്ള രാജ്യങ്ങൾ ഒരാഴ്ച മുൻപാണു ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വ്യോമാതിർത്തി അടച്ചു. സിവിൽ വിമാനങ്ങൾക്കു വ്യോമാതിർത്തി വിലക്കുന്നതിനെതിരെ ഖത്തർ എയർവെയ്സ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ യുഎൻ സംഘടനയായ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ സമീപിച്ചിരുന്നു. ഷിക്കാഗോ കൺവെൻഷനും വിരുദ്ധമായ നടപടിയാണ് വിലക്കിലൂടെ വന്നതെന്നാണ് അൽ ബേക്കറിന്റെ വാദം.

എന്നാൽ ഷിക്കാഗോ കൺവെൻഷനോട് പൂർണമായി യോജിക്കുന്നെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കേണ്ടതുണ്ടെന്നും യുഎഇ വ്യക്തമാക്കി. ഖത്തർ വഴിയുള്ള മറ്റു സ്വകാര്യ, ചാർട്ടേട് വിമാനങ്ങൾക്ക് വ്യോമാതിർത്തി കടക്കണമെങ്കിൽ 24 മണിക്കൂർ മുൻപേ നോട്ടിസ് നൽകണമെന്നും യുഎഇയും സൗദിയും ബഹ്റൈനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ യാത്രക്കാരുടെ പേരും വിവരങ്ങളും കാർഗോ വിവരങ്ങളും ഉൾപ്പെടുത്തണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed