ബഹ്റൈനിൽ വാഹനാപകടം: ഗൾഫ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ സ്വദേശി മരണപ്പെട്ടു
പ്രദീപ് പുറവങ്കര
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ 22 വയസ്സുകാരനായ സർവ്വകലാശാല വിദ്യാർത്ഥി മരിച്ചു. ഗൾഫ് യൂണിവേഴ്സിറ്റിയിലെ മീഡിയ വിദ്യാർത്ഥിയായ അലി ഇബ്രാഹിം ബുജാസമാണ് അന്തരിച്ചത്. ഹിദ്ദ് സിറ്റിക്ക് സമീപം മനാമ ഭാഗത്തേക്ക് പോകുന്ന പാതയിലായിരുന്നു അപകടം.
വാഹനം തകരാറിലായതിനെ തുടർന്ന് എമർജൻസി ലെയ്നിൽ നിർത്തി ടോ ട്രക്കിനായി കാത്തുനിൽക്കുകയായിരുന്നു അലി. ഈ സമയത്ത് മറ്റൊരു വാഹനം അലിയുടെ കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പെട്ടെന്നുണ്ടായ ആഘാതത്തിൽ വാഹനങ്ങൾ വെട്ടിമാറ്റാൻ പോലും സമയം ലഭിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പഠനത്തോടൊപ്പം ജോലിയിലും മികവ് തെളിയിച്ചിരുന്ന അലി, 'റോയൽ കാർ കെയർ' എന്ന പേരിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്നു. 15 വയസ്സ് മുതൽ കഠിനാധ്വാനം ചെയ്തിരുന്ന അലിയെ സർഗ്ഗാത്മകതയും അച്ചടക്കവുമുള്ള വിദ്യാർത്ഥിയെന്നാണ് അധ്യാപകർ വിശേഷിപ്പിച്ചത്. അലിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും.
sdfds

