മന്ത്രിസഭാ യോഗം ചേർന്നു: രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈൻ ക്യാബിനറ്റ്
പ്രദീപ് പുറവങ്കര
മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ വാരന്തോറും നടക്കാറുള്ള മന്ത്രിസഭാ യോഗം ചേർന്നു. രാജ്യത്തെ പ്രധാന വികസന പ്രവർത്തനങ്ങളും പ്രാദേശിക നയതന്ത്ര വിഷയങ്ങളും യോഗം വിലയിരുത്തി.
ബഹ്‌റൈന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് മാധ്യമങ്ങളിലൂടെ നൽകിയ സന്ദേശം കൃത്യമായ മാർഗ്ഗനിർദ്ദേശമാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. രാജകീയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നത് ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണെന്നും യോഗം ഓർമ്മിപ്പിച്ചു.
രാജാവിന്റെ പ്രസംഗത്തിന് പിന്നാലെ ബഹ്‌റൈനിലെയും ജിസിസിയിലെയും ഗോത്രവർഗ്ഗക്കാരും കുടുംബങ്ങളും പ്രകടിപ്പിച്ച പിന്തുണയെ ക്യാബിനറ്റ് അഭിനന്ദിച്ചു. കൂടാതെ ബഹ്‌റൈന്റെ പരമാധികാരത്തിന് പിന്തുണ പ്രഖ്യാപിച്ച സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാൻ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങൾക്കും ഒഐസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു.
fsdfs

