ഫുജൈറയിൽ ഡ്രോൺ ആക്രമണം: മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക്, യുഎഇയിൽ സ്കൂളുകൾക്ക് അവധി
പ്രദീപ് പുറവങ്കര
ഫുജൈറ: യുഎഇയിലെ ഫുജൈറ വ്യവസായ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഇന്നലെ നടന്ന ആക്രമണത്തെത്തുടർന്ന് പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കാൻ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ (FOIZ) നടന്ന ആക്രമണത്തിൽ പരിക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് വ്യക്തമാക്കി. ഡ്രോൺ ഇടിച്ച് ഉണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണം യുഎഇയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇറാനിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി രാജ്യത്തെ നഴ്സറികൾക്കും പൊതു-സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മേയ് 5 ചൊവ്വാഴ്ച മുതൽ മേയ് 8 വെള്ളിയാഴ്ച വരെ പഠനം ഓൺലൈൻ വഴിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. സാധാരണ നിലയിൽ ക്ലാസുകൾ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ സാഹചര്യം വിലയിരുത്തി തീരുമാനം മാറ്റുകയായിരുന്നു.
sdfs

