യുഎഇയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് ബഹ്‌റൈൻ രാജാവ്
പ്രദീപ് പുറവങ്കര
മനാമ: യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളെ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം തന്റെ പ്രതിഷേധവും ഐക്യദാർഢ്യവും അറിയിച്ചത്.
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകർക്കുന്ന അപകടകരമായ നീക്കമാണ് നടന്നതെന്ന് രാജാവ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും ലംഘനമാണിത്. യുഎഇയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയാണെന്നും രാജ്യത്തിന്റെ പരമാധികാരവും ആസ്തികളും സംരക്ഷിക്കാൻ അബുദാബി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
അതേസമയം, യുഎഇ കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾ മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സിവിലിയൻ കേന്ദ്രങ്ങൾക്കും സമുദ്ര വ്യാപാര പാതകൾക്കും എനർജി സപ്ലൈകൾക്കും നേരെയുള്ള ഇത്തരം ഭീഷണികൾ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.
asfsf

