ഖത്തർ ഐഡിയിലെ ഫോട്ടോകൾ ഇനി സ്റ്റുഡിയോകൾ വഴി പുതുക്കാം; പുതിയ സേവനവുമായി ആഭ്യന്തര മന്ത്രാലയം


ശാരിക

ദോഹ: ഖത്തറിലെ താമസക്കാർക്ക് തങ്ങളുടെ തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകൾ എളുപ്പത്തിൽ പുതുക്കുന്നതിനായി പുതിയ സേവനത്തിന് തുടക്കമിട്ട് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അംഗീകൃത ഫോട്ടോഗ്രാഫി സ്റ്റുഡിയോകൾ വഴി ഫോട്ടോകൾ നേരിട്ട് അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കുന്നത്. പദ്ധതിക്കാവശ്യമായ സാങ്കേതിക ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും മെട്രാഷ് ആപ്പിലും ഇതിനുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പുതിയ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമകൾക്കായി ആഭ്യന്തര മന്ത്രാലയം പ്രത്യേക സെമിനാർ സംഘടിപ്പിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട നടപടിക്രമങ്ങൾ, പാലിക്കേണ്ട സാങ്കേതിക മാനദണ്ഡങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം സെമിനാറിൽ നൽകി. പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ മേജർ മുഹമ്മദ് അലി മുഹമ്മദ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ ഡയറക്ടറേറ്റിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എൻജിനീയർ അലി ഹസൻ അബ്ദുൽ റഹീം എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

പൊതു-സ്വകാര്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനങ്ങൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മേജർ മുഹമ്മദ് അലി മുഹമ്മദ് പറഞ്ഞു. ഔദ്യോഗിക രേഖകളുടെ ഗുണനിലവാരം ഉയർന്ന നിലവാരത്തിൽ നിലനിർത്താൻ ഈ നീക്കം സഹായിക്കും. അംഗീകൃത സ്റ്റുഡിയോകളുടെ സാങ്കേതിക സജ്ജീകരണങ്ങൾ വിലയിരുത്തിയ ശേഷം വൈകാതെ തന്നെ ഈ സേവനം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുംവിധം ലഭ്യമാക്കുമെന്ന് അലി ഹസൻ അബ്ദുൽ റഹീം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed