റഷ്യൻ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്; റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് 100% വരെ തീരുവ
ശാരിക
വാഷിങ്ടൺ: ഇന്ത്യയുടെ ശക്തമായ എതിർപ്പുകളും മുന്നറിയിപ്പുകളും അവഗണിച്ച് റഷ്യക്കെതിരായ ഉപരോധ ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പ്രതിനിധി സഭ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് 'ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ്' ഔദ്യോഗിക നിയമമായി മാറുന്നത്. പുതിയ നിയമപ്രകാരം റഷ്യൻ എണ്ണയും വാതകവും വാങ്ങുന്ന പ്രധാന അഞ്ച് രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് പൂർണ്ണ അധികാരം ലഭിക്കും. നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയും ഈ ഉപരോധ ഭീഷണിക്ക് മുന്നിലുണ്ട്.
ഇതിനോടൊപ്പം ഇറാനെതിരെയുള്ള ഊർജ്ജ-ആയുധ ഉപരോധങ്ങളും പുതിയ നിയമത്തിലൂടെ ദീർഘിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ഊർജ്ജ കയറ്റുമതി വരുമാനം തടയുകയും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മോസ്കോയെ ചർച്ചകളിലേക്ക് എത്തിക്കുകയുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 2025 ഏപ്രിലിൽ സെനറ്റർമാരായ ലിൻഡ്സെ ഗ്രഹാമും റിച്ചാർഡ് ബ്ലൂമെന്തലും അവതരിപ്പിച്ച ബില്ലിന്മേലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്.
അതേസമയം, അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ തീരുമാനം ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ്ജ വിപണിയെയും ബാധിക്കുമെന്ന് യുഎസ് അധികാരികളെ ഇന്ത്യ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
പുതിയ നിയമത്തിൽ രാജ്യങ്ങളുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിലും വാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളെ കണ്ടെത്താൻ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിനെ ചുമതലപ്പെടുത്തി. ഈ പട്ടിക ഓരോ 180 ദിവസത്തിലും പുതുക്കും. യൂറോപ്യൻ പങ്കാളികൾക്ക് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
eqweerw

