ശരീരത്തിനുള്ളിൽ 100 കൊക്കെയ്ൻ കാപ്‌സ്യൂളുകളുമായി എത്തിയ 21-കാരിക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവും 10,000 ദീനാർ പിഴയും


പ്രദീപ് പുറവങ്കര

മനാമ: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 100 കാപ്‌സ്യൂൾ കൊക്കെയ്ൻ ബഹ്‌റൈനിലേക്ക് കടത്താൻ ശ്രമിച്ച 21-കാരിയായ ബ്രസീലിയൻ യുവതിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ 10,000 ദീനാർ പിഴയൊടുക്കാനും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിക്കാനും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ മേയ് 7-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂറോപ്യൻ രാജ്യത്തുനിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇവരുടെ ഹാൻഡ് ബാഗ് പരിശോധിച്ചപ്പോൾ ഹാഷിഷ് എന്ന് സംശയിക്കുന്ന പദാർത്ഥം അടങ്ങിയ സിഗരറ്റ് കെയ്സ് കണ്ടെടുത്തു. തുടർന്ന് നടത്തിയ എക്സ്-റേ സ്കാനിംഗിലാണ് വയറ്റിനുള്ളിൽ സംശയാസ്പദമായ വസ്തുക്കൾ ഒളിപ്പിച്ചതായി തെളിഞ്ഞത്.

ഉടൻ തന്നെ യുവതിയെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിലേക്ക് മാറ്റുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. പോലീസിന്റെ നിരീക്ഷണത്തിൽ ഇവർ 41 കാപ്‌സ്യൂളുകൾ പുറത്തെടുത്തു. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റിയ യുവതിയുടെ ശരീരത്തിൽ നിന്ന് ഡോക്ടർമാർ ബാക്കി 59 കാപ്‌സ്യൂളുകൾ കൂടി പുറത്തെടുക്കുകയായിരുന്നു.

ശരീരത്തിൽ നിന്ന് കണ്ടെടുത്ത 100 കാപ്‌സ്യൂളുകളിലും കൊക്കെയ്ൻ ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. അനധികൃതമായി രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തൽ, വ്യക്തിഗത ഉപയോഗത്തിനായി ഹാഷിഷ് കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

#4PMNews #BahrainNews #DrugSmuggling #BahrainCustoms

article-image

qwweqqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed