സുരക്ഷാ ക്രമീകരണ സേവനങ്ങൾ ഇനി ഓൺലൈനിൽ; നടപടിക്രമങ്ങൾ ലളിതമാക്കി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: പൊതുപരിപാടികൾക്കും മറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായുള്ള അപേക്ഷകൾ ഇനി മുതൽ പോലീസ് ഡയറക്ടറേറ്റുകളിൽ നേരിട്ട് പോകാതെ ഓൺലൈനായി സമർപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും സമയം ലാഭിക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
പരിഷ്കരിച്ച സംവിധാനത്തിലൂടെ സേവനം പൂർത്തിയാക്കുന്നതിനുള്ള സമയം 20 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് വെറും അഞ്ചായി കുറച്ചിട്ടുണ്ട്. കൂടാതെ, ആവശ്യമായ രേഖകൾ 50 ശതമാനമായി വെട്ടിച്ചുരുക്കുകയും, സർവീസ് ലെവൽ കരാർ (SLA) കാലയളവ് കുറഞ്ഞത് 25 ശതമാനത്തോളം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, അപേക്ഷാ ഫോമുകൾ ഡിജിറ്റൽ രൂപത്തിലാക്കുക, വിവരങ്ങൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കുക എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.
മാനവ വിഭവശേഷി, വികസനം, നടപടിക്രമങ്ങൾ ഏകീകരണ ടീം ഹെഡ് മേജർ ജനറൽ ആദിൽ അബ്ദുല്ല അമീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽവൽക്കരണത്തിലൂടെ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് കൂടുതൽ വേഗതയിലും എളുപ്പത്തിലും സേവനം പ്രയോജനപ്പെടുത്താൻ പുതിയ മാറ്റം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന നയങ്ങളുടെ ഭാഗമായി ഇതിനകം 1,300-ലധികം സർക്കാർ സേവനങ്ങൾ ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. 'തവാസൂൽ' (Tawasul) സംവിധാനം വഴി ലഭിച്ച നിർദ്ദേശങ്ങളും പൊതുജനങ്ങളുടെയും നിക്ഷേപകരുടെയും അഭിപ്രായങ്ങളും പരിഗണിച്ചാണ് ഈ സേവനങ്ങളെല്ലാം കൂടുതൽ ജനസൗഹൃദമാക്കി മാറ്റിയത്.
#4PMNews #BahrainPolice #InteriorMinistry #DigitalTransformation
cddsdsfdsf
ddfsdfs

