ഭരണകൂടത്തെ വിമർശിക്കുന്നവരെ വിദേശ ഏജന്റുകളാക്കാൻ ശ്രമിക്കരുത്; ബിജെപിയെ രൂക്ഷമായി വിമർശിച്ച് കെ. അണ്ണാമലൈ
ഷീബ വിജയൻ
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെ വിദേശ ഏജന്റുമാരും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്ത സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.
സിജെപിയുടെ സമരരീതികളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും, ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ താൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. ജനങ്ങൾ ഉന്നയിക്കുന്ന കാതലായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം വിമർശകരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് ശരിയല്ല. കഴിഞ്ഞ ജൂൺ അഞ്ചിന് താൻ ബിജെപിയിൽ നിന്ന് രാജിവെച്ചതാണെന്നും പാർട്ടിയുടെ എല്ലാ തീരുമാനങ്ങളെയും അന്ധമായി പിന്തുണയ്ക്കുന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പൊതുപ്രാധാന്യമുള്ള വിഷയങ്ങളിൽ ശബ്ദമുയർത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അണ്ണാമലൈ, പ്രധാന പ്രതിഷേധ വേദിയായ ജന്തർ മന്തറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയെയും വിമർശിച്ചു. അതേസമയം, പാർട്ടി വിട്ടതിനുശേഷം അണ്ണാമലൈ തന്റെ പഴയ നിലപാടുകളിൽ നിന്ന് മലക്കംമറിയുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു.
dfxdsdsds

