ഫ്രാൻസ് പ്രക്ഷോഭം; ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി എംബസി
ഷീബ വിജയൻ
പാരിസ്: ഫ്രാൻസിൽ ജീവിതച്ചെലവ് ക്രമാതീതമായി വർധിച്ചതിനെത്തുടർന്നുള്ള പ്രതിഷേധങ്ങൾ അതിശക്തവും അക്രമാസക്തവുമായ പശ്ചാത്തലത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് എംബസി കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഫ്രാൻസിൽ കഴിയുന്നവരും അവിടേക്ക് യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും, സമരങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ പുതിയ സാഹചര്യങ്ങളും വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രാദേശിക കർഫ്യൂകളും മുൻനിർത്തി വലിയ മുൻകരുതലുകൾ സ്വീകരിക്കണം. ഫ്രഞ്ച് സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, നഗരങ്ങളിലെ ഗതാഗത തടസ്സങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ എപ്പോഴും പരിശോധിക്കണമെന്നും ബുധനാഴ്ച വൈകിട്ട് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ പാരിസിലെ ഇന്ത്യൻ എംബസിയുമായി താഴെ പറയുന്ന നമ്പറിലും ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്. ഫോൺ: +33 6 48 34 00 63, ഇ-മെയിൽ: cgo.marseille@mea.gov.in. ജീവിതച്ചെലവ് വർധിച്ചതിലും പൊതുസേവനങ്ങൾ അവതാളത്തിലായതിലും പ്രതിഷേധിച്ച് ഇറ്റലിയിലും സമരങ്ങൾ തുടരുന്നതിനാൽ, അവിടത്തെ ഇന്ത്യൻ എംബസിയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ സുരക്ഷാ നിർദേശങ്ങൾ നൽകിയിരുന്നു.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, പാരിസ്, മാർസെയ്, ലിയോൺ തുടങ്ങി പ്രമുഖ നഗരങ്ങളിൽ വ്യാപകമായ കൊള്ളയും തീവെപ്പും പൊലീസുമായി ഏറ്റുമുട്ടലുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്കൂളുകളിലെ ഫണ്ടിങ് കുറയുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും വിദ്യാർഥികളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ഈ പ്രശ്നങ്ങൾ ഏറെ രൂക്ഷമായിരിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ നീളുന്ന ദൈർഘ്യമേറിയ സ്കൂൾ സമയക്രമം വിദ്യാർഥികളെ വല്ലാതെ ക്ഷീണിപ്പിക്കുന്നുണ്ടെന്ന പരാതിയുമുണ്ട്.
അതേസമയം, പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 2,500 പേരിൽ 174 പേരെ കോടതി ഉത്തരവ് പ്രകാരം ജയിലിലടച്ചതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമാനിൻ വ്യക്തമാക്കി. 917 പേർക്കെതിരെ ഔദ്യോഗികമായി പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുസമ്മതിച്ച പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു, സ്ഥിതി നിയന്ത്രിക്കാൻ ഫ്രാൻസിൽ സൈന്യത്തെ വിന്യവിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
bfbfdfdf

