തംകീൻ വേതന പിന്തുണ ദുരുപയോഗം ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി വേണമെന്ന് ബഹ്റൈൻ എം.പി


പ്രദീപ് പുറവങ്കര

മനാമ: തൊഴിൽ പിന്തുണ തുക ലഭിച്ച ശേഷം ബഹ്‌റൈനി ജീവനക്കാരിൽ നിന്ന് പണം തിരികെ വാങ്ങിപ്പിക്കുകയും, സബ്‌സിഡി കാലാവധി കഴിയുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്ന തൊഴിലുടമകളുടെ നടപടിക്കെതിരെ എം.പി ബാസിമ മുബാറക് രംഗത്ത്. ഗവൺമെന്റ് കരാറുകൾ കൈവശമുള്ള ഒരു സുരക്ഷാ കമ്പനി തംകീൻ സബ്‌സിഡി ലഭിച്ച ശേഷം ജീവനക്കാരിൽ നിന്ന് പണം കൈപ്പറ്റുന്നതായി അവർ ആരോപിച്ചു.

തൊഴിൽ തേടിയെത്തുന്ന പൗരന്മാരെ ചൂഷണം ചെയ്യുന്ന ഇത്തരം കമ്പനികളുടെ മേൽ ശക്തമായ നിരീക്ഷണം ആവശ്യമാണെന്ന് 'ദി ഡെയ്‌ലി ട്രിബ്യൂണിന്' നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. പിന്തുണ തുക അക്കൗണ്ടിൽ എത്തിയ ഉടൻ തന്നെ തൊഴിലുടമകൾ ജീവനക്കാരിൽ നിന്ന് അത് പണമായി തിരികെ വാങ്ങുകയാണെന്ന് അവർ ആരോപിച്ചു. തംകീൻ ശമ്പളം നൽകാൻ സഹായിക്കുന്ന കാലയളവിൽ മാത്രം ബഹ്‌റൈനി ജീവനക്കാരെ നിലനിർത്തുന്ന ചില സ്ഥാപനങ്ങൾ പിന്നീട് അവരെ പിരിച്ചുവിടുന്നുമുണ്ട്.

ഈ വിഷയത്തിൽ അടുത്ത മാസം തൊഴിൽ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ് ബാസിമ മുബാറക്. എത്ര ജീവനക്കാർക്ക് തംകീൻ വേതന പിന്തുണ ലഭിക്കുന്നുണ്ടെന്നും, സബ്‌സിഡി ലഭിച്ച ശേഷം എത്ര പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്നുമുള്ള കണക്കുകൾ അവർ തേടും. അതേസമയം, തൊഴിലുടമകൾക്ക് പണം നൽകിട്ടും അധികാരികളെ വിവരം അറിയിക്കാത്ത ജീവനക്കാരുടെ ഭാഗത്തും വീഴ്ചയുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു.

ഇതിനുപുറമേ, ഗവൺമെന്റ് വകുപ്പുകളിൽ ഒഴിവുകൾ നിലനിൽക്കെ ജീവനക്കാരെ ഒരു വർഷത്തിലധികം താൽക്കാലിക പ്രൊജക്റ്റ് കരാറുകളിൽ നിലനിർത്തുന്നതിനെതിരെയും അവർ ചോദ്യങ്ങൾ ഉന്നയിച്ചു. സിവില്‍ സർവീസ് ബ്യൂറോയുടെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും താൽക്കാലിക കരാറുകളിൽ എത്ര ബഹ്‌റൈനികൾ ജോലി ചെയ്യുന്നുണ്ടെന്നത് സംബന്ധിച്ച് പാർലമെന്ററി കാര്യ മന്ത്രി ഗാനിം അൽ ബുനൈനുമായി ചേർന്ന് അവർ രേഖാമൂലം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ തിരിച്ചുള്ള കണക്കുകൾ, കരാർ കാലാവധികൾ, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലെ രജിസ്ട്രേഷൻ എന്നിവയും ഇതിൽ വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. താൽക്കാലിക ജീവനക്കാർക്ക് സ്ഥിര നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.പി കൂട്ടിച്ചേർത്തു.

#4PMNews #BahrainParliament #Tamkeen #LabourMarket

article-image

cvxcvxcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed