മലയാളി ചരിത്ര ഗവേഷകന് 1.26 കോടിയുടെ അന്താരാഷ്ട്ര ബഹുമതി; ഫിലിപ്പ് ലിവർഹൂം പുരസ്കാരം ഡോ. മഹമൂദ് കൂരിയയ്ക്ക്
ഷീബ വിജയൻ
കോഴിക്കോട്: എഡിൻബർഗ് സർവകലാശാലയിലെ ഇന്ത്യൻ മഹാസമുദ്ര ലോക ചരിത്ര വിഭാഗം ലക്ചററും മലപ്പുറം പെരിന്തൽമണ്ണ പനങ്ങാങ്ങര സ്വദേശിയുമായ ഡോ. മഹമൂദ് കൂരിയയ്ക്ക് 2026-ലെ പ്രശസ്തമായ ഫിലിപ്പ് ലിവർഹൂം പുരസ്കാരം ലഭിച്ചു. യുകെയിലെ ഏറ്റവും ഉന്നതമായ അക്കാദമിക് പുരസ്കാരങ്ങളിലൊന്നാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന യുവ ഗവേഷകരെ ആദരിക്കുന്നതിനായി 'ദി ലിവർഹൂം ട്രസ്റ്റ്' ആണ് ഇത് നൽകുന്നത്.
ഏകദേശം 1.26 കോടി രൂപ (100,000 പൗണ്ട്) അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷം ലഭിച്ച 400-ലധികം നാമനിർദ്ദേശങ്ങളിൽ നിന്ന് ആറ് വിവിധ മേഖലകളിലായി ആകെ 30 അക്കാദമിക് വിദഗ്ധരെയാണ് ട്രസ്റ്റ് തിരഞ്ഞെടുത്തത്. ഇതിൽ ചരിത്ര വിഭാഗത്തിൽ പുരസ്കാരത്തിന് അർഹരായ അഞ്ച് പേരിൽ ഒരാളാണ് ഡോ. മഹമൂദ് കൂരിയ. ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ മുൻകാല ചരിത്രം, ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യങ്ങൾ, മാതൃദായ സമൂഹങ്ങൾ, ആഫ്രോ-ഏഷ്യൻ ചരിത്ര ബന്ധങ്ങൾ എന്നിവയിൽ അദ്ദേഹം നടത്തിയ വിപുലമായ പഠനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
ചെമ്മാട് ദാറുൽ ഹുദാ, കാലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഡൽഹി ജെഎൻയുവിൽ നിന്ന് എംഎയും എംഫിലും നേടി. തുടർന്ന് നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് സ്വന്തമാക്കിയത്. നോർവെയിലെ ബെർഗൻ സർവകലാശാല, അശോക സർവകലാശാല, ജക്കാർത്ത സ്റ്റേറ്റ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് എഡിൻബർഗ് സർവകലാശാലയിൽ ഫാക്കൽറ്റിയാകുന്നത്. 2024-ൽ ഇൻഫോസിസ് ശാസ്ത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പുരസ്കാര തുക ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മാതൃദായ മുസ്‌ലിം സമൂഹങ്ങളെക്കുറിച്ചുള്ള പുസ്തകവും മധ്യകാല ഏഷ്യയിലെ ആഫ്രിക്കൻ നിയമവിദഗ്ധരെക്കുറിച്ചുള്ള ഗവേഷണങ്ങളും പൂർത്തിയാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
asdasddsasd

