സൗദി ആരോഗ്യ മന്ത്രാലയത്തിന് ഈ വർഷത്തെ ഏറ്റവും മികച്ച യു.എൻ ഇന്റർ ഏജൻസി ടാസ്‌ക് ഫോഴ്‌സ് അവാർഡ്

ശാരിക
യാംബു l പൊണ്ണത്തടിയും സാംക്രമികേതര രോഗങ്ങളും പരിഹരിക്കുന്നതിനുള്ള സമഗ്രവും നൂതനവുമായ പദ്ധതികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന് ഈ വർഷത്തെ ഏറ്റവും മികച്ച യു.എൻ ഇന്റർ ഏജൻസി ടാസ്‌ക് ഫോഴ്‌സ് അവാർഡ്. രോഗ പ്രതിരോധമേഖലയിലെ ഫലപ്രദമായ വിവിധ ക്ഷേമ സംരംഭങ്ങളിലെ മികവ് കൂടി പരിഗണിച്ചാണ് അവാർഡ് നേടാനായതെന്ന് മന്ത്രാലയം അറിയിച്ചു.
ലോകാരോഗ്യ സംഘടനയും സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള യു.എൻ ഇന്റർ ഏജൻസി ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത്. ഐക്യ രാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 80ാമത് സെഷനിൽ ന്യൂയോർക് സിറ്റിയിൽ നടന്ന 10ാമത് വാർഷികത്തിലെ 'ഫ്രണ്ട്‌സ് ഓഫ് ദി ടാസ്‌ക് ഫോഴ്‌സ് മീറ്റിങ്ങി' ലെ പ്രത്യേക ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
'സിഹത്തീ' ഹെൽത്ത് ആപ്പും സൗദിയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും പുതിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സേവനങ്ങൾ നൽകുന്നതിനും ആരോഗ്യ സൗകര്യങ്ങളെ പിന്തുണക്കുന്നതിനുമായി പ്രവർത്തിക്കുന്ന 'സിഹ' വെർച്വൽ സ്പെഷലൈസ്ഡ് ഹോസ്പിറ്റലും അവാർഡ് ചടങ്ങിൽ പരാമർശിക്കപ്പെട്ടു.
ദശലക്ഷത്തിലധികം പൗരന്മാരെ ഉൾപ്പെടുത്തിയ 'ഹെൽത്തി സിറ്റീസ് പ്രോഗ്രാം', വാക് 30 എന്നിവയുൾപ്പെടെയുള്ള സാമൂഹിക സംരംഭങ്ങളും പോഷകാഹാരവുമായി ബന്ധപ്പെട്ട നിയമ നിർമാണത്തിലൂടെ പകർച്ചവ്യാധികളല്ലാത്തവ തടയുന്നതിനും സൗദിയുടെ ശ്രമങ്ങൾ ഏറെ ഫലം കണ്ടതായും പരാമർശിക്കപ്പെട്ടു. ആരോഗ്യവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങൾ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹോസ്പിറ്റൽ ആയ 'സിഹ' എന്ന ഓൺലൈൻ ഹോസ്പിറ്റലിനെ ഏറ്റവും വലിയ ഓൺലൈൻ മെഡിക്കൽ സംരംഭമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചതും നേട്ടമാണ്.
ഓൺലൈൻ ആശുപത്രി ശൃംഖലയിൽ രാജ്യത്തുടനീളമുള്ള 200ലധികം ആശുപത്രികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജ്യത്തെ എല്ലാ മുക്കുമൂലകളിലും മെഡിക്കൽ സേവനം എത്തിക്കാൻ ഇതുവഴി സാധിക്കുന്നു. സുരക്ഷ, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ആധുനിക പൊതുസൗകര്യങ്ങൾ ഒരുക്കൽ എന്നിവയിലെ തുടർച്ചയായ പുരോഗതി കൈവരിക്കാൻ സൗദിക്ക് കഴിഞ്ഞതാണ് യു.എൻ അവാർഡ് നേടാൻ വഴിവെച്ചതെന്ന് ആരോഗ്യ മേഖലയിലുള്ളവർ വിലയിരുത്തുന്നു.
രുരുര