ഒമാനിലേക്കുള്ള പ്രവേശന വിലക്ക് പ്രാബല്യത്തിൽ
മസ്കത്ത്: സന്ദർശന വിസക്കാർക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതൽ ഒമാനിൽ പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മുതൽ ആണ് നിയമം നടപ്പിലായത്. കൊവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി ഒമാൻ സുപ്രീം കമ്മിറ്റി എത്തിയത്. ഏപ്രിൽ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സ്വദേശികൾക്കും റെസിഡൻസ് വിസയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചത്.
തൊഴിൽ വിസ, സന്ദർശന വിസ, എക്സ്പ്രസ് വിസ എന്നിവയാണ് നിർത്തലാക്കിയ വിസകൾ. തൽക്കാലത്തേക്കാണ് ഇവ നിർത്തി വെച്ചിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്ക് വേണ്ടി നിരവധി പേർ ഒമാനിൽ 14 ദിവസം ഹോട്ടൽ ക്വാറൻറീൻ കഴിഞ്ഞ ശേഷം ആണ് പോകുന്നത്. ഇന്ത്യയിൽ നിന്ന് കൂടുതൽ പേർ ഒമാന്‍ വഴിയാണ് സൗദിയിലേക്ക് പോകുന്നത്.
തൊഴിൽ,ഫാമിലി ജോയിനിങ് വിസകൾ ലഭിച്ചവർക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ല. വിസ സ്റ്റാന്പ് ചെയ്യാത്തവർക്കും ഒമാനിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പുതുതായി വിസ ലഭിച്ചവർക്ക് ഒമാനിലേക്ക് പോകാൻ സാധിക്കുമോയെന്ന കാര്യത്തിൽ വലിയ തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന കർഫ്യൂ വ്യവസ്ഥകളിൽ ചെറിയ ഇളവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാത്രി എട്ടു മണി മുതൽ രാവിലെ അഞ്ചു മണിവരെ ആളുകൾക്ക് പുറത്തിറങ്ങാന്‍ സാധിക്കും
പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോഴും ഒമാനിലേക്ക് വരാൻ സാധിക്കില്ല. സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, സിയറ ലിയോൺ, ഇതോപ്യ, ലബനൻ, താൻസാനിയ, ഘാന, സുഡാൻ, ഗിനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇപ്പോഴും ഒമാനിലേക്ക് വരാൻ സാധിക്കില്ല. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ഹോട്ടൽ ക്വാറൻറീൻ കഴിഞ്ഞ ശേഷം മാത്രമേ ഈ രാജ്യക്കാർക്ക് ഒമാനിലേക്ക് വരാൻ സാധിക്കുകയുള്ളു. ഇന്ത്യയിൽ കൊവിഡ് കൂടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയിൽ നിന്നുള്ള പ്രവേശനം ഒമാന്‍ നിർത്തലാക്കുമോ എന്ന ആശങ്കിയിലാണ് പ്രവാസികൾ.

