പെട്രോൾ വേഗത്തിൽ തീരുന്നു: ജനങ്ങളുടെ പരാതിയിൽ പാർലമെന്റിൽ ചർച്ചക്ക് ഒരുങ്ങി ബഹ്റൈൻ എംപിമാർ
പ്രദീപ് പുറവങ്കര
മനാമ: വാഹനങ്ങളിൽ മുൻപത്തേക്കാൾ വേഗത്തിൽ പെട്രോൾ തീർന്നുപോകുന്നുവെന്ന വാഹന ഉടമകളുടെ വ്യാപക പരാതിയെ തുടർന്ന് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാനൊരുങ്ങി ബഹ്‌റൈൻ. ഇന്ധന വില വർദ്ധിച്ചതിന് പുറമെ ഇന്ധനക്ഷമത കുറഞ്ഞതായി ജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, വിഷയം നേരിട്ട് ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ പ്രതിനിധികളുമായി പൊതുയോഗം വിളിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. എം.പി ജലാൽ കാസിം അൽ മഹ്ഫൂസിന്റെ നേതൃത്വത്തിൽ ഒപ്പുവെച്ച നിവേദനം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചു.
നിലവിൽ ജയ്യിദ് (91 ഒക്ടേൻ) ലിറ്ററിന് 225 ഫിൽസ്, മുംതാസ് (95 ഒക്ടേൻ) 247 ഫിൽസ്, സൂപ്പർ (98 ഒക്ടേൻ) 380 ഫിൽസ്, ഡീസൽ 229 ഫിൽസ് എന്നീ നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ, ഡ്രൈവിംഗ് രീതികളിലോ യാത്രാദൂരത്തിലോ മാറ്റമൊന്നുമില്ലാതിരുന്നിട്ടും മുൻപത്തേക്കാൾ പെട്രോൾ വേഗത്തിൽ തീർന്നുപോകുന്നുണ്ടെന്നാണ് പൗരന്മാർ പരാതിപ്പെടുന്നത്. ഇന്ധനത്തിന്റെ ഗുണനിലവാരത്തിലോ രാസഘടനയിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് സാങ്കേതിക ശാസ്ത്രീയ പരിശോധനകളിലൂടെ സർക്കാർ വ്യക്തമാക്കണമെന്ന് അൽ മഹ്ഫൂസ് ആവശ്യപ്പെട്ടു.
ഉയർന്ന ഇന്ധനവില കുടുംബ ബജറ്റുകളെ ബാധിക്കുന്ന സാഹചര്യത്തിൽ ഊഹാപോഹങ്ങൾക്ക് പകരം കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകണം. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇന്ധന ഘടനയിൽ മാറ്റം വരുത്തിയെന്ന പ്രചാരണം മോട്ടോറിംഗ് വിദഗ്ദ്ധർ തള്ളി. വില വർദ്ധിക്കുമ്പോൾ ഇന്ധനം വേഗത്തിൽ തീരുന്നതായി തോന്നുന്നത് സ്വാഭാവികമാണെന്നും ചെലവ് കുറയ്ക്കാൻ അനാവശ്യ വേഗതയും പെട്ടെന്നുള്ള ബ്രേക്കിംഗും ഒഴിവാക്കി ഡ്രൈവിംഗ് ശൈലി മാറ്റുകയാണ് വേണ്ടതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
#Bahrain #BahrainParliament #FuelPrices #4PMNews
adsadsdfsads

