മുഹറഖ്, മനാമ നഗരവികസന പദ്ധതികൾക്ക് വേഗത കൂട്ടാൻ കിരീടാവകാശി; ഗുദൈബിയ പാലസിൽ ഉന്നതതല യോഗം ചേർന്നു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന മുഹറഖ് സിറ്റി വികസന പദ്ധതിയുടെയും മനാമ സൂഖ് ചരിത്ര മേഖലയുടെ പുനരധിവാസ പദ്ധതിയുടെയും പുരോഗതി വിലയിരുത്തി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഗുദൈബിയ പാലസിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ ഘട്ടം അദ്ദേഹം അവലോകനം ചെയ്തത്.
ബഹ്‌റൈനിലെ ചരിത്രപരമായ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും സാംസ്കാരിക വ്യക്തിത്വം നിലനിർത്താൻ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നൽകിയ രാജകീയ ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈസ അൽ കബീർ കൊട്ടാരം, മുഹറഖിലെ പരമ്പരാഗത പ്രദേശങ്ങൾ എന്നിവയുടെ പുനരുദ്ധാരണവും ചരിത്രപ്രസിദ്ധമായ മനാമ സൂഖിന്റെ നവീകരണവും ഉൾപ്പെടുന്ന സമഗ്ര പദ്ധതി മേഖലയുടെ വേറിട്ട ചരിത്രവും സാംസ്കാരിക തനിമയും കാത്തുസൂക്ഷിക്കാൻ സഹായിക്കും.
മുഹറഖ്, മനാമ എന്നീ നഗരങ്ങളുടെ സമ്പന്നമായ ചരിത്രത്തെയും ബഹ്‌റൈന്റെ ചരിത്രപരമായ നാഴികക്കല്ലുകളുമായി ബന്ധപ്പെട്ട പൈതൃക കേന്ദ്രങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. ചരിത്രപരവും സാംസ്കാരികവുമായ വ്യക്തിത്വത്തിന് കോട്ടം തട്ടാതെ ഈ രണ്ട് നഗരങ്ങളെയും കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രിൻസ് സൽമാൻ എടുത്തുപറഞ്ഞു. ചരിത്രപരമായ തനിമ നിലനിർത്തുന്നതോടൊപ്പം ആധുനിക വികസന ആവശ്യങ്ങൾ നിറവേറ്റുന്നതുമായ സമഗ്രമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
പദ്ധതികളുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും കിരീടാവകാശി നിർദ്ദേശിച്ചു. രാജ്യത്തിന്റെ ചരിത്ര പൈതൃകം ദേശീയ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇത് വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈം മിനിസ്റ്റേഴ്സ് കോർട്ട് മിനിസ്റ്റർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
#Bahrain #PrinceSalman #MuharraqDevelopment #4PMNews
xxzxzxzz

