ബഹ്‌റൈൻ ആരോഗ്യമേഖലയിൽ പുതിയ കുതിച്ചുചാട്ടം: ദേശീയ ആരോഗ്യ നയം 2026-2030 പ്രകാശനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) തങ്ങളുടെ 'ദേശീയ ആരോഗ്യ നയം 2026-2030' (National Health Strategy 2026-2030) ഔദ്യോഗികമായി പ്രകാശനം ചെയ്തു. രാജ്യത്ത് കൂടുതൽ പുരോഗമനപരവും സുസ്ഥിരവുമായ ആരോഗ്യ പരിപാലന സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത ഊട്ടിഉറപ്പിക്കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് പ്രകാശന ചടങ്ങിൽ അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ സംസാരിച്ച സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ആരോഗ്യമേഖലയ്ക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയെ പ്രകീർത്തിച്ചു. ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകുന്ന നിരന്തരമായ പിന്തുണയാണ് ബഹ്‌റൈനിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനക്ഷേമം ഉറപ്പാക്കുന്നതിനും കരുത്തേകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ആരോഗ്യ നയത്തിന്റെ വിജയം പൊതു-സ്വകാര്യ മേഖലകളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും ശക്തമായ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. ജലീല അൽ സയ്യിദ് വ്യക്തമാക്കി. സുതാര്യതയിലും കൃത്യമായ തെളിവുകളിലും അധിഷ്ഠിതമായ സ്ഥാപനപരമായ പ്രവർത്തനങ്ങൾക്കും ഏകോപിത ശ്രമങ്ങൾക്കും മന്ത്രി ഊന്നൽ നൽകി. തന്ത്രപ്രധാനമായ ഈ ലക്ഷ്യങ്ങൾ പ്രയോഗവൽക്കരിക്കുന്നതിലൂടെ പൗരന്മാരുടെയും പ്രവാസികളുടെയും ജീവിതനിലവാരവും ആരോഗ്യസുരക്ഷയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
#Bahrain #BahrainHealth #HealthStrategy2026 #4PMNews
adsasdss
assadssad

