ഇനി ഖരീഫ് മഴക്കാലം
മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ മഴക്കാല സീസണ് തുടക്കമായി. വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 21 വരെ നീളുന്ന ഖരീഫ് മഴക്കാലം ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഒമാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുമായി എത്തുക. മരുഭൂമിയിലെ കേരളം എന്നറിയപ്പെടുന്ന സലാല ഉള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലെയും ഒമാനിലെതന്നെയും ഏറ്റവും വലിയ ആഘോഷക്കാലം കൂടിയായിരിക്കും ഇനിയുള്ള മൂന്നുമാസം. ഖരീഫിന്‍റെ വരവറിയിച്ച് ദോഫാറില്‍ അന്തരീക്ഷ താപനില കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞുനില്‍ക്കുകയാണ്.
മഴത്തുള്ളികള്‍ മണ്ണില്‍ പതിയുന്നതോടെയാണ് വേനലില്‍ ഉണങ്ങിവരണ്ട് കിടന്ന മലനിരകളില്‍ ജീവന്‍റെ പുല്‍ക്കൊടികള്‍ ദൃശ്യമാവുക. മഴ കനക്കുന്നതോടെ വെള്ളച്ചാട്ടങ്ങളുടെ അഴക് വര്‍ധിക്കും. ഡോള്‍ഫിന്‍ ഷോയും ഹോട്ട്എയര്‍ ബലൂണ്‍ ഫെസ്റ്റിവലുമായിരിക്കും ഈ വര്‍ഷത്തെ ഖരീഫ് സീസണിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍. ഡോള്‍ഫിന്‍ ഷോ സംഹറം ടൂറിസ്റ്റ് വില്ലേജിലും ബലൂണ്‍ ഫെസ്റ്റിവല്‍ സഹല്‍നൂത്തിലുമായിരിക്കും നടക്കുക. സലാല ടൂറിസം ഫെസ്റ്റിവല്‍ ജൂലൈ ആദ്യവാരത്തില്‍ ആരംഭിക്കും. ഖരീഫ് സഞ്ചാരികള്‍ക്കായി കൂടുതല്‍ ഹോട്ടല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ദോഫാര്‍ ഗവര്‍ണറേറ്റിലെ ടൂറിസം ഡയറക്ടറേറ്റ് ജനറല്‍ മര്‍ഹൂന്‍ ബിന്‍ സൈദ് അല്‍ അംരി പറഞ്ഞു. റോഡുകളുടെ വീതി കൂട്ടലും അറ്റകുറ്റപ്പണികളും അടക്കം പൂര്‍ത്തിയായിട്ടുണ്ട്. 34 ചെറുതും വലുതുമായ ഹോട്ടലുകളാണ് ഉള്ളത്.
4,115 മുറികളിലായി മൊത്തം 6,312 കിടക്കകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഡിസംബര്‍ വരെ കാലയളവില്‍ വിവിധ നക്ഷത്ര വിഭാഗങ്ങളിലുള്ള ഏഴ് പുതിയ ഹോട്ടലുകളാണ് ദോഫാറില്‍ പുതുതായി ആരംഭിച്ചതെന്നും അല്‍ ആംരി പറഞ്ഞു. ഖരീഫ് സീസണിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാന്‍ വിവിധ ക്രമീകരണങ്ങള്‍ നടത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് സലാലയിലേക്കുള്ള റോഡുകളില്‍ പട്രോളിങ്ങും പരിശോധനകളും ഏര്‍പ്പെടുത്തും. ആദമില്‍ നിന്ന് ഹൈമ വരെയുള്ള റോഡിന് സമാന്തരമായി നിര്‍മിക്കുന്ന ഇരട്ടപ്പാത പദ്ധതിയില്‍ 180 കിലോമീറ്റര്‍ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ഇതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഒമാന്‍ എയറും സലാം എയറും മസ്കത്തില്‍ നിന്നും സുഹാറില്‍ നിന്നും സലാലയിലേക്ക് ഖരീഫ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. ഗള്‍ഫ് എയറും ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍നിന്ന് സലാലയിലേക്ക് സര്‍വിസ് തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണ്‍ മുന്‍നിര്‍ത്തി ഒമാന്‍ ദേശീയ പൊതുഗതാഗത കമ്ബനിയായ മുവാസലാത്ത് വെള്ളിയാഴ്ച മുതല്‍ മസ്കത്തില്‍ നിന്ന് സലാലയിലേക്കുള്ള സര്‍വിസുകള്‍ ഏഴായി വര്‍ധിപ്പിക്കും. ഫാമിലി ബുക്കിങ്ങിനും മറ്റും നിരക്കിളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സലാല നഗരത്തില്‍ രണ്ട് സര്‍വിസുകള്‍ പുതുതായി ആരംഭിക്കുമെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഖരീഫ് സീസണില്‍ മൊത്തം 8.26 ലക്ഷം സഞ്ചാരികളാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ എത്തിയത്. ഒമാനികളും മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു ഇതില്‍ 90.6 ശതമാനം പേരും. 2017-നെ അപേക്ഷിച്ച് ഈ വിഭാഗത്തിലെ സഞ്ചാരികളില്‍ 29.9 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്. 48,907 ഏഷ്യന്‍ സഞ്ചാരികളും കഴിഞ്ഞ വര്‍ഷമെത്തി. 2017-ല്‍ ഇവരുടെ എണ്ണം 44,801 ആയിരുന്നു.

