വിദേശത്തുനിന്ന് ലഹരിമരുന്ന് കടത്ത്: രണ്ടുപേർക്ക് 15 വർഷം തടവും രണ്ട് ഇന്ത്യക്കാർക്ക് ഒരു വർഷം ശിക്ഷയും
പ്രദീപ് പുറവങ്കര
മനാമ: വിദേശത്തുനിന്നുള്ള അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘവുമായി ചേർന്ന് പ്രവർത്തിച്ച രണ്ടു ഡ്രൈവർമാർക്ക് 15 വർഷം തടവും 10,000 ബഹ്‌റൈനി ദിനാർ വീതം പിഴയും ശിക്ഷ വിധിച്ചു. ലഹരിമരുന്ന് സ്വന്തം ആവശ്യത്തിന് കൈവശം വെച്ച കേസിൽ മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു വർഷം തടവും 1,000 ദിനാർ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലളവിന് ശേഷം നാലുപേരെയും നാടുകടത്താനും പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. ഹെറോയിൻ, മോർഫിൻ, മെത്താംഫെറ്റമൈൻ തുടങ്ങിയ മാരക മയക്കുമരുന്നുകളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
സ്പെയിനിൽ നിന്ന് കൊറിയർ വഴി വന്ന പാർസൽ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരിൽ സംശയം ഉണർത്തിയതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് രൂപീകരിച്ച പ്രത്യേക പോലീസ് സംഘം കൊറിയർ കമ്പനി ഓഫീസ് പരിസരത്ത് കെണിയൊരുക്കി. പാർസൽ വാങ്ങാനെത്തിയ 41 കാരനായ ഒന്നാം പ്രതിയെ പോലീസ് സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് 15.7 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.
മുസ്തഫ, ഉസ്മാൻ എന്നീ വിദേശ ഏജന്റുമാരുടെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് 41 കാരനായ പ്രതി മൊഴി നൽകി. ഓരോ പാർസൽ കൈപ്പറ്റുമ്പോഴും 35 ദിനാർ വീതമാണ് ഇയാൾക്ക് കൂലിയായി ലഭിച്ചിരുന്നത്. വിദേശത്തുനിന്ന് കൊറിയർ വഴി എത്തുന്ന ലഹരിമരുന്നുകൾ കൈപ്പറ്റി, സൂക്ഷിച്ചു വെച്ച്, പ്രതിഫലം വാങ്ങി നിശ്ചിത സ്ഥലങ്ങളിൽ (ഡെഡ് ഡ്രോപ്പ്) ഉപഭോക്താക്കൾക്കായി എത്തിച്ചു നൽകുന്ന ശൃംഖലയിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് കണ്ടെത്തി. കേസിൽ 41-ഉം 43-ഉം വയസ്സുള്ള പ്രധാന പ്രതികൾ മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ടപ്പോൾ, 29-ഉം 33-ഉം വയസ്സുള്ള രണ്ട് തൊഴിലാളികൾ ലഹരിമരുന്ന് ഉപയോഗത്തിനായി കൈവശം വെച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്.
ergert

