ഗർഭകാലത്തെ ഒറ്റമൂലി പ്രയോഗങ്ങൾ വില്ലനായേക്കാം; ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടണമെന്ന് ബഹ്റൈൻ ഗവേഷക
പ്രദീപ് പുറവങ്കര
മനാമ: ഗർഭകാലത്ത് സസ്യവിഭാഗത്തിൽപ്പെട്ട ഔഷധങ്ങളും പാരമ്പര്യ ഒറ്റമൂലികളും ഉപയോഗിക്കുന്നതിന് മുൻപ് സ്ത്രീകൾ നിർബന്ധമായും ഡോക്ടർമാരുടെ ഉപദേശം തേടണമെന്ന് മുന്നറിയിപ്പ്. ബഹ്‌റൈനിൽ നടത്തിയ പുതിയ പഠനത്തിലാണ് ഇത്തരം ഉൽപ്പന്നങ്ങളുടെ പാർശ്വഫലങ്ങളെയും സുരക്ഷിതത്വത്തെയും കുറിച്ച് ഭൂരിഭാഗം പേർക്കും വ്യക്തമായ അറിവില്ലെന്ന കാര്യം വ്യക്തമായത്. ബഹ്‌റൈനി മോളിക്കുലാർ മെഡിസിൻ ഗവേഷക ഡോ. റബാബ് വഹാബ് ആണ് ഈ പഠനം നടത്തിയത്.
തലമുറകളായി ഉപയോഗിച്ചുവരുന്നതിനാൽ ‘പ്രകൃതിദത്ത’ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിലുണ്ടെന്ന് ഡോ. റബാബ് ചൂണ്ടിക്കാട്ടി. ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദി, ദഹനക്കേട് തുടങ്ങിയ പ്രയാസങ്ങൾ മാറ്റാൻ പലരും ഇത്തരം ഒറ്റമൂലികളെ ആശ്രയിക്കാറുണ്ട്. എന്നാൽ ‘നാച്ചുറൽ’ എന്നതുകൊണ്ട് അത് പാർശ്വഫലങ്ങളില്ലാത്തതാണെന്ന് കരുതാനാകില്ലെന്ന് അവർ വ്യക്തമാക്കി. അമ്മയുടെയും കുഞ്ഞിന്റെയും ജീവനെ ബാധിക്കുന്ന വിഷയമായതിനാൽ ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത വേണം.
18-നും 50-നും ഇടയിൽ പ്രായമുള്ള 493 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 38.9 ശതമാനം പേരും ഗർഭകാലത്ത് ഇത്തരത്തിലുള്ള ഔഷധങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഇതിൽ 31.2 ശതമാനം പേർക്ക് മാത്രമേ ഇവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നുള്ളൂ. ചില സസ്യഔഷധങ്ങൾ ഇംഗ്ലീഷ് മരുന്നുകളുമായി പ്രവർത്തിച്ച് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കഴിക്കുന്ന മരുന്നുകളെയും ഒറ്റമൂലികളെയും കുറിച്ച് ഡോക്ടർമാരോടോ ഫാർമസിസ്റ്റുകളോടോ തുറന്നു സംസാരിക്കാനും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
sdfdsf

