യൂറോപ്പിൽ നിന്ന് മയക്കുമരുന്ന് കടത്ത്: ബംഗ്ലാദേശ് സ്വദേശി ബഹ്‌റൈനിൽ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര
മനാമ: യൂറോപ്യൻ രാജ്യത്ത് നിന്ന് വ്യാപാരാവശ്യാർത്ഥം വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൈവശം വെക്കുകയും ചെയ്ത കേസിലെ പ്രതിയായ ബംഗ്ലാദേശി തൊഴിലാളിയെ ഹൈ ക്രിമിനൽ കോടതി വിചാരണ ചെയ്യുന്നു. യൂറോപ്പിൽ നിന്ന് എത്തിയ കൊറിയർ പാർസലിൽ ദ്രാവക രൂപത്തിൽ സൂക്ഷിച്ചിരുന്ന 2.07 കിലോഗ്രാം മയക്കുമരുന്ന് കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്.
വിമാന മാർഗ്ഗമെത്തിയ പാർസലിൽ ലഹരിവസ്തുക്കളുണ്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്ലാസ്റ്റിക് കണ്ടെയ്നറിൽ സൂക്ഷിച്ച മയക്കുമരുന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ആന്റി-നാർക്കോട്ടിക്സ് വിഭാഗവും ഷിപ്പിംഗ് കമ്പനിയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ പ്രതിയെ വലയിലാക്കി. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അത് തന്റേതാണെന്ന് സ്ഥിരീകരിച്ച പ്രതി, പാർസൽ വാങ്ങാൻ നിർദ്ദിഷ്ട സ്ഥലത്തെത്തുകയായിരുന്നു.
പാർസൽ കൈപ്പറ്റി ഒപ്പുവെച്ച ഉടൻ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇവിടെ നിന്ന് 4.3 കിലോഗ്രാം തൂക്കം വരുന്ന 146 ഗ്ലാസ് കണ്ടെയ്നറുകൾ അടങ്ങിയ 13 കാർട്ടണുകളും, ലഹരിവസ്തുക്കൾ ലയിപ്പിച്ചു ചേർത്ത 13.9 കിലോഗ്രാം തൂക്കമുള്ള 26 പേപ്പർ പാക്കറ്റുകളും പോലീസിന് ലഭിച്ചു. കൂടാതെ ഉപയോഗിച്ച സിറിഞ്ചുകളും പ്ലാസ്റ്റിക് പാത്രങ്ങളും കണ്ടെടുത്തു.
നിരോധിത ലഹരിവസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പോസ്റ്റൽ പാർസലുകൾ വഴി രാജ്യത്തേക്ക് എത്തിക്കാറുണ്ടെന്ന് പ്രതി പബ്ലിക് പ്രൊസിക്യൂഷനോട് സമ്മതിച്ചു. ഇവ പിന്നീട് ചെറിയ അളവുകളിലാക്കി വിൽപന നടത്തി പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതി. കേസിൽ തുടർന്നുള്ള വാദം കേൾക്കുന്നതിനായി ഹൈ ക്രിമിനൽ കോടതി നടപടികൾ ഞായറാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
xcvbcxb

