ഹൂതി ആക്രമണങ്ങൾ വർധിക്കുന്നത് ആഗോള സുരക്ഷയ്ക്ക് വൻ ഭീഷണി: യുഎൻ രക്ഷാസമിതിയിൽ മുന്നറിയിപ്പുമായി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

ന്യൂയോർക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഹൂതി വിമതരുടെ ശക്തമാകുന്ന ആക്രമണങ്ങൾ മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്നതായി ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ബഹ്‌റൈന്റെ മുന്നറിയിപ്പ്. സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ക്രമാതീതമായ സൈനിക നീക്കങ്ങളിൽ നിന്ന് ഹൂതികൾ പിന്തിരിയണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു.

ബഹ്‌റൈൻ, ഫ്രാൻസ്, യുകെ, ലാത്വിയ, ഗ്രീസ് എന്നീ രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ട അടിയന്തര രക്ഷാസമിതി യോഗത്തിലാണ് ബഹ്‌റൈൻ നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യയും യെമനും യോഗത്തിൽ പങ്കെടുത്തു. ഹൂതികൾ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരെസ് അൽ റുവൈയി കുറ്റപ്പെടുത്തി.

യെമനിലെ മൊഖ നഗരവും പടിഞ്ഞാറൻ തീരപ്രദേശങ്ങളുടെ വലിയൊരു ഭാഗവും കൂടാതെ ചെങ്കടലിലെ പ്രമുഖ ദ്വീപുകളായ മയ്യുൻ, ഹനിഷ്, സുഖർ എന്നിവയും ഹൂതി സൈന്യം കൈയടക്കിയതായി അൽ റുവൈയി വ്യക്തമാക്കി. ബബ് അൽ മന്ദബ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും കപ്പൽമാർഗ്ഗമുള്ള വ്യാപാരത്തിനും ഇത് വലിയ ഭീഷണിയാണ്. യെമനിലെ നിലവിലെ മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കാൻ ഈ ആക്രമണങ്ങൾ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അറേബ്യയിലെ ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ ശക്തമായ ഭാഷയിൽ അപലപിച്ചു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed