ഒമാൻ ഉൾക്കടലിൽ ഡെഡ് സോണുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്
മസ്‌ക്കറ്റ് : ഒമാൻ ഉൾക്കടലിൽ ഡെഡ് സോണുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒമാൻ, യു.എ.ഇ തീരങ്ങളിൽ ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ക്കിടയാക്കുന്നതാണ് ഡെഡ് സോണുകളുടെ വർദ്‍ധനയെന്ന് ഭൂഗർഭ റോബോട്ടുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ പറയുന്നു. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയുടെയും യു.എ.ഇയിലെ പരിസ്ഥിതി പഠന വിഭാഗത്തിലെ ഡോ. ബാസ്‌റ്റൈൻ ക്വസ്റ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഗവേഷണത്തിലാണ് ഡെഡ് സോണുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അറിവായത്‍. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് അൻജിലിയയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
ജലവിമാനത്തിന്റെ രൂപത്തിലുള്ള റോബോട്ടുകളുടെ സഹായത്തോടെയാണ് ഗവേഷകർ ഉൾക്കടലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചത്. പ്രകൃതി നാശത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഗുരുതരമായ പ്രത്യാഘാതമാണ് ഡെഡ് സോണുകളുടെ വർദ്ധന മൂലം ഉണ്ടാകുക. ഒമാൻ ഉൾക്കടലിലെ ആയിരം മീറ്റർ ആഴത്തിലാണ് റോബോട്ടുകൾ പരിശോധന നടത്തുന്നത്. എട്ടു മാസമായി നടക്കുന്ന പരിശോധനയിൽ റോബോട്ടുകൾ ഇതിനകം ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയിട്ടുണ്ട്. ആഴക്കടലിൽ നിന്ന് സാറ്റ്‌ലൈറ്റ് വഴിയാണ് റോബോട്ടുകൾ സന്ദേശങ്ങളും ചിത്രങ്ങളും കൈമാറുന്നത്.
ഭൂഗർഭജലത്തിലെ ഓക്‌സിജന്റെ സാന്നിധ്യം, സമുദ്രത്തിൽ നിന്ന് ഓക്‌സിജന്റെ സഞ്ചാരത്തെ സഹായിക്കുന്ന ഓഷ്യൻ മെക്കാനിക്‌സിന്റെ സാന്നിധ്യം എന്നിവയാണ് റോബോട്ടുകൾ പരിശോധിച്ചത്. ഡെഡ് സോണുകള്‍ കൂടുതലായി ഉണ്ടെന്ന് കരുതപ്പെടുന്ന സ്‌കോട്‌ലാൻഡിനെക്കാളും അധികം ഒമാൻ ഉൾക്കടലിലുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്.

