എണ്ണ ഉൽപ്പാദന നിയന്ത്രണം തുടരും
മസ്കറ്റ് : എണ്ണ ഉൽപ്പാദന നിയന്ത്രണം അടുത്ത വർഷവും തുടരാൻ ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങൾ തമ്മിൽ ധാരണയായി. മസ്കത്തിൽ ചേർന്ന മന്ത്രിതല നിരീക്ഷണ കമ്മിറ്റി യോഗത്തിന് ശേഷം സൗദി ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫാലിഹ് ആണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.
എണ്ണ ശേഖരം പ്രതീക്ഷയ്ക്ക് അപ്പുറം പോകുന്ന പക്ഷം നിയന്ത്രണം 2019ലും തുടരുന്നത് പരിഗണിക്കാൻ ഉൽപ്പാദന രാഷ്ട്രങ്ങൾ നിർബന്ധിതരാകും. എന്നാൽ സഹകരണം ഏത് രീതിയിൽ തുടരണം എന്നതിനെ കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ലെന്നും ദീർഘകാല സഹകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും അൽ ഫാലിഹ് പറഞ്ഞു.
2017 ജനുവരി മുതൽ ഒരു വർഷത്തേക്ക് ഉൽപ്പാദനം നിയന്ത്രിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ വിപണിയിലുള്ള അധിക എണ്ണ ഇല്ലാതാക്കുന്നതിനായി ഇത് പിന്നീട് 2018ലേക്കും നീട്ടുകയായിരുന്നു. വിപണിയെ ആരോഗ്യവസ്ഥയിൽ എത്തിക്കുന്നതിന് ഉൽപ്പാദക രാഷ്ട്രങ്ങൾക്ക് ഇനിയുമേറെ പ്രവർത്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വില ഉയർത്തുന്നതിന് പകരം വിപണിയിലെ അധിക എണ്ണ കുറയ്ക്കുകയാണ് ഉൽപ്പാദന നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് ഒമാൻ എണ്ണ മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

