മലേഷ്യയിൽ ചരിത്രം കുറിച്ച് ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രി; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ അഭിനന്ദിച്ച് ബഹ്റൈൻ മന്ത്രിസഭ
പ്രദീപ് പുറവങ്കര
മനാമ: മലേഷ്യയിൽ വിജയകരമായി സംഘടിപ്പിച്ച 2026 ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിയുടെ വൻ വിജയത്തിൽ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയെ കാബിനറ്റ് യോഗം അഭിനന്ദിച്ചു. ഗുദൈബിയ പാലസിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രനേട്ടത്തെ പ്രശംസിച്ചത്.
ഫോർമുല വൺ പോരാട്ടത്തിന്റെ 22-ാമത് പതിപ്പാണ് ഇത്തവണ മലേഷ്യയിൽ അരങ്ങേറിയത്. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും മലേഷ്യൻ ഭരണാധികാരി സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്കന്ദറിന്റെയും പ്രത്യേക ആശീർവാദങ്ങളോടെ നടന്ന ഈ കായിക മാമാങ്കത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നേരിട്ട് പങ്കെടുത്തു.
റേസ് വിജയകരമായി നടത്തുന്നതിന് നൽകിയ പൂർണ്ണ പിന്തുണയ്ക്ക് മലേഷ്യൻ ഭരണാധികാരി സുൽത്താൻ ഇബ്രാഹിമിനോട് മന്ത്രിസഭ പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മലേഷ്യൻ സർക്കാർ നൽകിയ നിർണായക പിന്തുണയെയും യോഗം അഭിനന്ദിച്ചു.
ഫോർമുല വൺ സംഘാടകർ, ഫെഡറേഷൻ ഇന്റർനാഷണൽ ഡി ലിയോട്ടോമൊബൈൽ (FIA), ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, പെട്രോനാസ് സെപാങ് ഇന്റർനാഷണൽ സർക്യൂട്ട്, വിവിധ മേഖലകളിൽ പ്രവർത്തിച്ച ടീം ബഹ്‌റൈൻ അംഗങ്ങൾ, പങ്കെടുത്ത ടീമുകൾ എന്നിവരുടെ സേവനങ്ങളെ കാബിനറ്റ് പ്രശംസിച്ചു.
ഇതോടൊപ്പം, കിരീടാവകാശി പ്രിൻസ് സൽമാന്റെ രക്ഷാകർതൃത്വത്തിൽ മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ ബഹ്‌റൈന്റെ പുതിയ എംബസി പ്രവർത്തനം ആരംഭിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി.
adsdsds

