ബഹ്‌റൈൻ പാർലമെന്റിന്റെ അഞ്ചാം സമ്മേളനം ഒക്ടോബർ 11 മുതൽ ; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉദ്ഘാടനം ചെയ്യും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈന്റെ ആറാം നിയമനിർമ്മാണ ഘട്ടത്തിലെ അഞ്ചാമത് പതിവ് സമ്മേളനം ഒക്ടോബർ 11 ഞായറാഴ്ച ആരംഭിക്കും. പാർലമെന്റിലെ ജനപ്രതിനിധി സഭയും ശൂറ കൗൺസിലും തങ്ങളുടെ നിയമനിർമ്മാണ, മേൽനോട്ട പ്രവർത്തനങ്ങൾ ഈ സമ്മേളനത്തോടെ പുനരാരംഭിക്കും.
ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ നാഷണൽ അസംബ്ലി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും നിർണായകമായ റോയൽ സ്പീച്ച് (രാജകീയ പ്രസംഗം) നടത്തുകയും ചെയ്യും. രാജ്യത്തിന്റെ പുതിയ വികസന നയങ്ങളും ഭരണഘടനാപരമായ മുൻഗണനകളും വ്യക്തമാക്കുന്നതായിരിക്കും രാജാവിന്റെ പ്രസംഗം.
വരും ആഴ്ചകളിൽ പാർലമെന്ററി, ശൂറ കൗൺസിൽ കമ്മിറ്റികൾ യോഗം ചേർന്ന് മുൻഗണനാ വിഷയങ്ങൾ അവലോകനം ചെയ്യും. മുൻ സമ്മേളനത്തിൽ നിന്ന് ശേഷിക്കുന്ന വിഷയങ്ങളിലും നിർദ്ദിഷ്ട ബില്ലുകളിലും തുടർനടപടികൾ സ്വീകരിക്കും. സഭ പിരിഞ്ഞിരുന്ന കാലയളവിൽ പുറപ്പെടുവിച്ച ഉത്തരവുകളും നിയമങ്ങളും ഇരുസഭകളും പരിശോധിക്കുകയും ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
ഉദ്ഘാടന ചടങ്ങിന് ശേഷം ജനപ്രതിനിധി സഭയും ശൂറ കൗൺസിലും ആദ്യ യോഗങ്ങൾ ചേരുകയും പുതിയ നിയമനിർമ്മാണ ഘട്ടത്തിലെ മുൻഗണനകൾ നിശ്ചയിക്കുകയും ചെയ്യും. പൊതുജനസേവന വിഷയങ്ങൾ, പുതിയ കരട് നിയമങ്ങൾ, ആനുകാലിക വിഷയങ്ങൾ എന്നിവ സഭ സജീവമായി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
dfsfsddsfds

