യു.എ.ഇ ടൂറിസ്റ്റ് വിസ ; ഹോട്ടൽ ബുക്കിങ്, റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് രേഖകൾ നിർബന്ധം

ഷീബ വിജയൻ
മസ്കത്ത് I യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യു.എ.ഇ) യാത്രചെയ്യുന്നവർ പാസ്പോർട്ട് പകർപ്പിനൊപ്പം സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ്ങുകളും റിട്ടേൺ ഫ്ലൈറ്റ് രേഖകളും ഹാജരാക്കണം. സന്ദർശന വിസ പ്രോസസ് ചെയ്യാൻ ഈ രേഖകൾ നിർബന്ധമാണ്. കഴിഞ്ഞ നാലുമാസമായി നിലവിലുള്ള നിയമം യു.എ.ഇ അധികൃതർ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ട്രാവൽമേഖലയിലുള്ള പ്രഫഷനലുകൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ്, അപേക്ഷകർ സാധുവായ പാസ്‌പോർട്ടും ഫോട്ടോയും മാത്രമേ നൽകേണ്ടതുണ്ടായിരുന്നുള്ളു. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പ്രോസസിങ് കാലതാമസത്തിനോ വിസ നിരസിക്കലിനോ കാരണമായേക്കാം.
യു.എ.ഇയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിസ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വെബ്‌സൈറ്റുകൾ, അല്ലെങ്കിൽ ഐ.സി.പി ആപ്, ദുബായ് നൗ എന്നിവയാണ് ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ. അതേസമയം വിസ ഫീസും വർധിച്ചിട്ടുണ്ട്. മിക്ക ഏജൻസികളും ഇപ്പോൾ 30 ദിവസത്തെ വിസക്ക് ഏകദേശം 35 റിയാലും 60 ദിവസത്തെ വിസക്ക് 45 റിയാലും ഈടാക്കുന്നുണ്ട്.
dsaadsads