എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ ഇന്ത്യ; വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. വികസിത ഇന്ത്യ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന മുദ്രാവാക്യം. കർത്തവ്യ പഥിൽ വർണാഭമായ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. ഇന്ത്യയുടെ സൈനിക-സ്ത്രീ ശക്തി വിളിച്ചോതുന്നാണ് ഒന്നര മണിക്കൂർ നീളുന്ന പരേഡ്. 80 ശതമാനവും സ്ത്രീകളാണ് പരേഡിൽ പങ്കെടുക്കുന്നത്. മിസൈലുകള്‍, ഡ്രോണുകൾ, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരക്കും. 95 ഫ്രഞ്ച് സേനാംഗങ്ങളും മാർച്ച് ചെയ്യും. 33 പേരുള്ള ബാൻഡ് സംഘവും ഫ്രാൻസിൽ നിന്നെത്തിയിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ പരേഡ് വീക്ഷിക്കുന്നുണ്ട്. നേരത്തെ, മോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചു. ഫ്രഞ്ച് എയർഫോഴ്സിന്റെ രണ്ട് റഫേൽ യുദ്ധവിമാനങ്ങളും ടാങ്കറും പരേഡിനിടെ പറക്കും. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. മറ്റു ജില്ലകളിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. കർത്തവ്യ പഥിലെ പരേഡിൽ വിവിധ സേനവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ് ആകും ഇത്തവണത്തെയും ആകർഷണം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും അണിനിരക്കും. കേരളമടക്കം പല സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾക്ക് ഇത്തവണയും സർക്കാർ അനുമതി നൽകിയിട്ടില്ല. വിജയ്ചൗക് മുതൽ കർത്തവ്യപഥ് (പഴയ രാജ്പഥ്) വരെയാകും പരേഡ്. വ്യോമസേനയുടെ എയർഷോയുമുണ്ടാകും.
asdfdsfs



