മേഘാലയയിൽ അട്ടിമറി; കോൺറാഡ് സാംഗ്മയ്ക്കുളള പിന്തുണ പിൻവലിച്ച് രണ്ട് എംഎൽഎമാർ
                                                            നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരപക്ഷം ലഭിക്കാത്ത മേഘാലയയിൽ അട്ടിമറി നീക്കം. മുഖ്യമന്ത്രിയും എൻപിപി അദ്ധ്യക്ഷനുമായ കോൺറാഡ് സാംഗ്മയ്ക്കുളള പിന്തുണ രണ്ട് എംഎൽഎമാർ പിൻവലിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുണ്ടെന്ന് കാണിച്ച് തൃണമൂൽ കോൺഗ്രസിന്റെ മുകൾ സാംഗ്മ രംഗത്തത്തിയതും രാഷ്ട്രീയ നാടകത്തിന് ആക്കം കൂട്ടി.
കോൺറാഡ് സാംഗ്മ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി വെളളിയാഴ്ച ഗവർണറെ കണ്ടിരുന്നു. എന്നാൽ അതിന് പിന്നാലെ ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) യിലെ എംഎൽഎമാർ പിന്തുണ പിൻവലിക്കുകയായിരുന്നു.
മേഘാലയയിൽ 26 സീറ്റുകൾ നേടിയ കോൺറാഡ് സാംഗ്മയുടെ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 32 പേരുടെ പിന്തുണയുണ്ടെന്ന് കാണിച്ചായിരുന്നു കോൺറാഡ് സാംഗ്മയുടെ അവകാശവാദം ഉന്നയിച്ചത്. എന്നാൽ അർദ്ധരാത്രിയോടെ പിന്തുണ പിൻവലിക്കുകയാണെന്ന് എച്ച്എസ്പിഡിപി അദ്ധ്യക്ഷൻ കെ പി പാങ്നിയാങ് കോൺറാഡിനെ അറിയിക്കുകയായിരുന്നു.
60 അംഗ മേഘാലയ നിയമസഭയിൽ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 59 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വിട്ട ബിജെപി ഫലപ്രഖ്യാപനത്തിന് ശേഷം എൻപിപിക്ക് പിന്തുണ അറിയിച്ചിരുന്നു. രണ്ട് എംഎൽഎമാരാണ് ബിജെപിക്കുളളത്.
GFHJGFHGF
												
										
																	