മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി അന്തരിച്ചു


ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹ്മദി (എ.എം അഹ്മദി) അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യയുടെ 26ആമത്തെ ചീഫ് ജസ്റ്റിസും മൂന്നാമത്തെ മുസ്ലീം ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.

1932 മാർച്ച് 25ന് ഗുജറാത്തിലെ സൂറത്തിലായിരുന്നു അസീസ് മുഷബ്ബർ അഹ്മദി ജനിച്ചത്. എൽ.എൽ.ബി പഠനത്തിന് ശേഷം 1954 ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ & സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി.

1976−ൽ ഗുജറാത്ത് ഹൈക്കോടതിയായി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. 1988−ൽ സുപ്രിംകോടതി ജഡ്ജിയായി അഹ്മദി നിയമിതനായി. തുടർന്ന് 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24 ന് വിരമിക്കുന്നതുവരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.

1989−ൽ സുപ്രിംകോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതൽ 1994 വരെ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചു. സുപ്രിംകോടതിയിലായിരുന്ന കാലത്ത് 232 വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും 811 ബെഞ്ചുകളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അലിഗഡ് മുസ്ലീം സർവകലാശാലയിൽ ചാൻസലറായും എ.എം അഹ്മദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed