നിമിഷപ്രിയയുടെ മോചനകാര്യത്തിൽ‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം


യെമനിൽ‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തിൽ‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചർ‍ച്ചകൾ‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ‍ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ‍ ദുബായിൽ‍ നേരിട്ട് ചർ‍ച്ച നടത്തും.

കേസിലെ നടപടികൾ‍ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ‍ പ്രോസിക്യൂഷൻ മേധാവി നിർ‍ദ്ദേശം നൽ‍കിയതോടെയാണ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്കയുയർ‍ന്നത്. കേസ് യെമൻ സുപ്രീം കോടതി വീണ്ടും പരിഗണിക്കാൻ പോവുകയാണ് എന്നതിനർ‍ത്ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ‍ പറയുന്നു. നേരത്തെ കേന്ദ്ര സർ‍ക്കാർ‍ നൽ‍കിയ അപ്പീൽ‍ സുപ്രീം കോടതി തള്ളിയിരുന്നു.

കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കളുമായി മധ്യസ്ഥർ‍ വഴി കേന്ദ്രസർ‍ക്കാർ‍ ഇടപെടൽ‍ നടത്തിവരുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഇവരെന്നതിനാൽ‍ യെമൻ സർ‍ക്കാരിന് ഇടപെടാനാകില്ല. മധ്യസ്ഥരുമായി നേരിട്ടുളള ചർ‍ച്ചകൾ‍ക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ‍ അധികം വൈകാതെ ദുബായിലെത്തും. രാജ്യാന്തര സമൂഹത്തിൽ‍ ഇന്ത്യയ്ക്കുള്ള സ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. യെമൻ സുപ്രീംകോടതി വിധി എന്തുതന്നെയായാലും നയതന്ത്ര ഇടപെടൽ‍ ശക്തമാക്കണമെന്ന് ഡീൻ ആവശ്യപ്പെട്ടു. 2017ലാണ് യെമൻ പൗരനെ കൊലപ്പെടുത്തിയതിന് പാലക്കാട് സ്വദേശിനി നിമിഷ പ്രിയ ജയിലിലായത്.

article-image

4e65d7

You might also like

Most Viewed