ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെതിരെ കേസ്

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, പാഞ്ചജന്യ എഡിറ്റർ പ്രഫുൽ കേത്കർ, ഓർഗനൈസർ എഡിറ്റർ ഹിതേഷ് ശങ്കർ എന്നിവർക്കെതിരെ തീവ്ര ഹിന്ദുത്വ വലതുപക്ഷം രംഗത്ത്. യൂ ട്യൂബറും വലതുപക്ഷ എഴുത്തുകാരനുമായ സന്ദീപ് ദിയോ ഇവർക്കെതിരെ പൊലീസിൽ പരാതി നൽകി. രണ്ട് ആർ.എസ്.എസ് മുഖപത്രങ്ങളുമായി ഭാഗവത് അടുത്തിടെ നടത്തിയ അഭിമുഖം, സ്വവർഗരതിയെ അംഗീകരിക്കുകയും ദൈവങ്ങളെ അതുമായി ബന്ധപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
തന്റെ ബ്ലോഗിൽ, രണ്ട് മാസികകളുടെയും എഡിറ്റർമാരോട് ഖേദം പ്രകടിപ്പിക്കണമെന്നും അത് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സന്ദേശങ്ങളോട് അവർ പ്രതികരിച്ചില്ലെന്നും ദിയോ പറയുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ മുൻ ഇടക്കാല ഡയറക്ടർ എം. നാഗേശ്വർ റാവുവും ദിയോയുടെ പരാതിയുടെ പകർപ്പ് തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഹിന്ദു നാഗരികത പരമ്പരാഗതമായി എൽ.ജി.ബി.ടി.ക്യു സമൂഹത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് അഭിമുഖത്തിൽ ഭാഗവത് പറഞ്ഞിരുന്നു. മോഹൻ ഭാഗവതിന്റെ പരാമർശത്തിനെതിരെ നിരവധി തീവ്ര ഹിന്ദുത്വ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗകനും തീവ്ര ഹിന്ദുത്വ വക്താവുമായ യതി നരസിംഹാനന്ദ്, മധു പൂർണിമ കിശ്വാർ എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
t68it7