സൈബർ തട്ടിപ്പ്; മൂന്ന് വിദേശികൾ അറസ്റ്റിൽ; ഐശ്വര്യാ റായിയുടെ ചിത്രം പതിച്ച വ്യാജ പാസ്‌പോർട്ട് പിടിച്ചെടുത്തു

ഉത്തർപ്രദേശിൽ സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് വിദേശികൾ അറസ്റ്റിലായി. ഇവരിൽ നിന്നും ബോളിവുഡ് താരം ഐശ്വര്യാ റായിയുടെ ചിത്രം പതിച്ച വ്യാജ പാസ്‌പോർട്ടും പിടികൂടി. നോയിഡയിലാണ് സംഭവം. നൈജീരിയ, ഖാന സ്വദേശികളാണ് അറസ്റ്റിലായത്. 1.81 കോടി രൂപ തട്ടിയെടുത്തുവെന്ന റിട്ട. ആർമി കേണലിന്‍റെ പരാതിയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 10 ലക്ഷത്തിലധികം രൂപ പോലീസ് കണ്ടെടുത്തു. 10.76 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ട് ബില്ലുകളും പോലീസ് പിടിച്ചെടുത്തു.
ഇവരുടെ ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും പരിശോധിച്ചപ്പോൾ, അവരിൽ നിന്ന് വ്യാജ വിസയും വ്യാജ പാസ്‌പോർട്ട് പകർപ്പുകളും കണ്ടെത്തി. ഇവയിലൊന്നിലായിരുന്നു ഐശ്വര്യാ റായിയുടെ ചിത്രം പതിച്ച പാസ്പോർട്ട് ഉണ്ടായിരുന്നത്. പ്രതികളിൽ നിന്നും ആറ് മൊബൈൽ ഫോണുകൾ, 11 സിം കാർഡുകൾ, ലാപ്‌ടോപ്പുകൾ, പ്രിന്‍ററുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഇവരുടെ മൂന്ന് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
dyfty