കടബാധ്യത; മകളുടെ വിവാഹദിനത്തിൽ ജീവനൊടുക്കി പിതാവ്
                                                            ഉത്തർപ്രദേശിൽ കടബാധ്യതയെ തുടർന്ന് മകളുടെ വിവാഹദിനത്തിൽ തന്നെ ജീവിതം അവസാനിപ്പിച്ച് പിതാവ്. മോഹൻലാൽഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ളോർ മിൽ നടത്തിപ്പുകാരനും കർഷകനുമായ സുനിൽ ദ്വിവേദിയാണ് മരിച്ചത്. സുനിലിന് അഞ്ച് പെൺമക്കളും ഒരു മകനുമാണ് ഉണ്ടായിരുന്നത്. ഇയാളുടെ പെൺമക്കളിൽ ഒരാളായ നവ്യയുടെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, വിവാഹദിവസം സുനിൽ മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് വീട്ടുകാർ ശാസിച്ചതായാണ് റിപ്പോർട്ട്. അയാൾ മുറിയിലേക്ക് പോയി. ഏറെ വൈകിയിട്ടും മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിൽ തന്റെ മൂന്ന് പെൺമക്കളുടെ വിവാഹത്തിന് കടം വാങ്ങിയിരുന്നുവെന്നും നാലാമത്തെ മകളുടെ വിവാഹത്തിനും കടം വാങ്ങേണ്ടി വന്നതാണ് സുനിലിനെ വലച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
gffj
												
										
																	