ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശികൾ; ബി.ജെ.പി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിദേശ പൗരന്‍മാരെ ഇറക്കിയ ബി.ജെ.പി നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പ്രചാരണത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്ലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വിദേശികളെ രംഗത്തിറക്കിയ പ്രചാരണം 1951−ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വിസ നിയമത്തിന്റെയും ലംഘനമാണെന്നെന്ന് സാകേത് ഗോഖ്ലെ കത്തിൽ പറഞ്ഞു.
വിദേശികൾ ബി.ജെ.പിക്കായി പ്രചരണം നടത്തുന്നതിന്റെ വീഡിയോ ബി.ജെ.പി ഗുജറാത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവന്നതോടെയാണ് വിവാദമായത്. നിങ്ങൾക്ക് മഹാനായ നേതാവുണ്ട്. നിങ്ങളുടെ നേതാവിൽ വിശ്വസിക്കുക എന്ന വിദേശികളുടെ വാക്ക് അടിക്കുറിപ്പായി നൽകിക്കൊണ്ടാണ് വീഡിയോ ഗുജറാത്ത് ബി.ജെ.പി പ്രചരിപ്പിച്ചത്. ബി.ജ.പി പ്രചരിപ്പിക്കുന്ന വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തെരഞ്ഞടുപ്പിലെ വിദേശ ഇടപെടൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുമെന്നും സാകേത് ഗോഖ്ലെ കത്തിൽ പറഞ്ഞു. ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനായിരിക്കും വോട്ടെണ്ണൽ.
27 വർഷമായി സംസ്ഥാനത്തെ ഭരണം കയ്യാളുന്ന ബി.ജെ.പിക്ക് മുന്‍ വർഷങ്ങളിലേത് പോലെ ഒരു അനായാസ ജയം ഇപ്രാവശ്യമുണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൊവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളടക്കം നിരവധി മേഖലകളിൽ സർക്കാർ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
ഒപ്പം ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികളുമായി കടന്നുവന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കോണ്‍ഗ്രസും താരതമ്യേനെ മികച്ച ഇലക്ഷന്‍ പ്രചാരണമാണ് നടത്തുന്നത്.
ftugtu8gt