സ്‌നാപ്പ് ഡീലിന്റെ ലക്കിഡ്രോ വിജയിയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊച്ചി സ്വദേശിനിയിൽ നിന്നും 1.13 കോടി രൂപ കവർന്നു

വൻ സൈബർ തട്ടിപ്പിന് ഇരയായി കൊച്ചി സ്വദേശിനി. തൃപ്പൂണിത്തുറക്കാരി ശോഭാ മോനോനിൽ നിന്ന് സൈബർ തട്ടിപ്പ് സംഘം തട്ടിയെടുത്തത് 1.13 കോടി രൂപ. ഇകോമേഴ്‌സ് വ്യാപാര പ്ലാറ്റ്‌ഫോമായ സ്നാപ്പ് ഡീലിന്റെ ലക്കിഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിയിച്ചാണ് സംഘം ഇവരിൽ നിന്ന് വന്‍തുക കൈപ്പറ്റിയത്. ശോഭാ മേനോന്റെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് കേസ് എടുത്തു.
മാർച്ച് 26നും സെപ്റ്റംബർ 9നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌നാപ്പ് ഡീലിന്റെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്ന് ഫോണുകോളുകളും മെസേജുകളും ശോഭയ്ക്ക് ലഭിച്ചു. ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായി 1.33 കോടി രൂപ ലഭിച്ചെന്നും പണം ലഭിക്കാൻ സർവീസ് ചാർജ് നൽകണമെന്നും ഇവർ സ്ത്രീയെ അറിയിച്ചു. ഇവരുടെ കെണിയിൽ വീണ സ്ത്രീ 1.13 കോടി അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു.
നിലവിൽ ലഭ്യമല്ലാത്ത 7501479536, 7548053372, 9163138779 എന്നീ നമ്പരുകളിൽ നിന്ന് ശോഭയ്ക്ക് ഫോണ്‍ കോളുകൾ ലഭിച്ചത്. സമ്മാനത്തുകയ്‌ക്കൊപ്പം സർവീസ് ചാർജും തിരികെ ലഭിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. ഇതോടെ ശോഭ പ്രതികളുടെ അക്കൗണ്ടിലേക്ക് പല തവണകളായി 1.13 കോടി രൂപ കൈമാറി. പിന്നീട് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്കി ഡ്രോയുടെ പേരിൽ നിരവധി പേരാണ് സമാനമായ തട്ടിപ്പിന് ഇരയായിട്ടുള്ളത്. സൈബർ തട്ടിപ്പിനെ കുറിച്ച് നിരവധി ബോധവത്കരണ പരിപാടികൾ നടത്താറുണ്ടെങ്കിലും ആളുകൾ ഇപ്പോഴും ഇത്തരം വ്യാജപ്രചാരണത്തിൽ വീഴുന്നതായി പൊലീസ് പറയുന്നു.
cjhc