മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ 45 മന്ത്രിമാരുണ്ടാകുമെന്ന് സൂചന

മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭയിൽ 45 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിസഭയിലെ 25 മന്ത്രിമാർ ബിജെപിൽ നിന്നും 13 പേർ ഷിൻഡെ പക്ഷത്തു നിന്നുമെന്നാണ് വിവരം. ഷിൻഡെ പക്ഷത്തേയ്ക്കു വന്ന സ്വതന്ത്ര എംഎൽഎമാർക്ക് ശേഷിക്കുന്ന മന്ത്രിസ്ഥാനങ്ങൾ നൽകും. മൂന്നു ശിവസേനാ എംഎൽഎമാർക്ക് ഒരു മന്ത്രിയെന്ന നിലയിലും നാല് ബിജെപി എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന നിലയിലുമാണ് മന്ത്രിമാരുടെ എണ്ണം നിശ്ചയിച്ചത്. മന്ത്രിസഭയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളായിരിക്കും.
അതേസമയം 16 വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതു സംബന്ധിച്ച് ജൂലൈ 11ന് സുപ്രീം കോടതി വിധി വന്ന ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. അട്ടിമറി രാഷ്ട്രീയ നീക്കങ്ങളിലൂടെ മഹാവികാസ് അഘാടി സർക്കാരിനെ താഴെയിറക്കിയാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലേറിയത്.