എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ ജെഡിഎസ് പിന്തുണക്കും; എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്


ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപതി മുർമുവിനെ ജനതാദൾ സെക്കുലർ പിന്തുണക്കും. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രിയും, ജനതാദൾ സെക്കുലറിന്റെ പരമോന്നത നേതാവുമായ എച്ച്ഡി ദേവഗൗഡയുമായി മർമു രണ്ടുതവണ ഫോണിൽ സംസാരിച്ചുവെന്ന് കുമാരസ്വാമി അറിയിച്ചു. ബെംഗളൂരുവിലെത്തി അദ്ദേഹത്തെ നേരിൽ കാണാനും, പിന്തുണ തേടാനും അവർ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
"വിജയിക്കാനുള്ള പിന്തുണ അവർക്ക് മുൻകൂട്ടി തന്നെ ലഭിച്ചിട്ടുണ്ട്. എങ്കിൽ കൂടി അവർ ഞങ്ങളുടെ പിന്തുണ തേടി. ഇത് അവരുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്" എന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ബഹുമാനിച്ചുകൊണ്ടുള്ള ജെഡിഎസ് തീരുമാനത്തിൽ ബിജെപിയുടെ ബി ടീം എന്ന് വിളിക്കരുതെന്നും കോൺഗ്രസെന്നോ, ബിജെപിയെന്നോ കക്ഷി രാഷ്ട്രീയമെന്നോയുള്ള ചോദ്യങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജാർഖണ്ഡ് മുൻ ഗവർണറായിരുന്ന ദ്രൗപതി മുർമുവിന് പിന്തുണയറിയിച്ചതോടെ ജെഡിഎസിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 2019 ലെ അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ തന്നെ ബിജെപിയുമായി ജെഡിഎസിന് രഹസ്യമായ ധാരണയുണ്ടായിരുന്നെന്നും ജെഡിഎസ് ഭരിക്കുന്ന പാർട്ടിയുടെ ബി ടീമാണെന്നും കോൺഗ്രസ് വിമർശിച്ചിരുന്നു. എന്നാൽ വിമർശനം അടിസ്ഥാനരഹിതമാണെന്നാണ് ജെഡിഎസിന്റെ പ്രതികരണം.

You might also like

Most Viewed