ജയിലിൽ കഴിയുന്ന മകന് ഹാഷിഷ് ഓയിൽ കൈമാറാൻ ശ്രമം: അമ്മ അറസ്റ്റിൽ

ജയിലിൽ കഴിയുന്ന മകന് മയക്കുമരുന്ന് കൈമാറാൻ ശ്രമിച്ചതിനെ തുടർന്ന്, അമ്മയ്ക്ക് അറസ്റ്റ്. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലെ തടവുകാരനായ മുഹമ്മദ് ബിലാലിനാണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ കൈമാറാൻ അമ്മ ശ്രമിച്ചത്. ഇയാളുടെ അമ്മ ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് ആണ് അറസ്റ്റിലായത്. വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. എന്നാൽ, മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കൾ നൽകിയ സഞ്ചിയാണെന്നും പ്രവീൺ താജ് പോലീസിന് മൊഴിനൽകി.
സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020−ലെ പിടിച്ചുപറിക്കേസിൽ കൊനനകുണ്ടെ പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീൺ താജ് ജയിലിൽ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പോലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പോലീസിന് കൈമാറി. ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.