അഗ്നിപഥ് സൈനികസേവന പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം

അഗ്നിപഥ് സൈനികസേവന പദ്ധതിക്കെതിരായ പ്രതിഷേധം കേരളത്തിലും. അഞ്ഞൂറിലധികം ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി തലസ്ഥാനത്തെത്തിയിരിക്കുന്നത്. തന്പാനൂർ റെയിൽവേ സ്റ്റേഷനിലിൽനിന്നും രാജ്ഭവനിലേക്ക് ഉദ്യോഗർഥികൾ മാർച്ച് നടത്തുകയാണ്. നൂറുകണക്കിന് ഉദ്യോഗാർഥികൾ തിരുവനന്തപുരത്തേയ്ക്ക് ഇനിയും എത്തുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സമാധാനപരമായാണ് ഉദ്യോഗാർഥികൾ പ്രതിഷേധിക്കുന്നത്.
രാജസ്ഥാനിലും ബിഹാറിലുമാണ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാർ ഇവിടെ ട്രെയിനുകൾ കത്തിക്കുകയും റെയിൽവേ സ്റ്റേഷനുകൾ അടിച്ചു തകർക്കുകയും ചെയ്തു. രാജസ്ഥാനും ബിഹാറിനും പുറമേ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം അരങ്ങേറിയത്.