അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിരിഞ്ഞുപോകുന്നവർക്ക് സംവരണം നൽകാനൊരുങ്ങി കേന്ദ്രം

കേന്ദ്രസർക്കാരിന്‍റെ ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിരിഞ്ഞുപോകുന്നവർക്ക് സംവരണം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. എല്ലാ അർദ്ധസൈനിക വിഭാഗങ്ങളിലും അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിരിഞ്ഞുപോകുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തും.അർദ്ധ സൈനിക വിഭാഗങ്ങളിൽ ചേരാന്‍ നിലവിലുള്ള പ്രായപരിധിയിലും ഇവർക്ക് ഇളവ് നൽകും. നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവ് നൽകും. ഈ വർഷം അഗ്നിപഥ് പദ്ധതിയിൽ ചേരുന്നവർക്ക് നാൽ വർഷം കഴിഞ്ഞ് വിരമിക്കുമ്പോൾ അഞ്ചു വർഷത്തെ ഇളവ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അഗ്നിപഥ് പദ്ധതിയിൽനിന്ന് വിരമിക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ കൂടുതൽ മുന്‍ഗണന നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് സംവരണം സംബന്ധിച്ച കൂടുതൽ വിശദ്ധാംശങ്ങൾ കേന്ദ്രം പുറത്തുവിട്ടത്.
നാല് വർഷത്തേക്കാണ് അഗ്നിപഥ് പദ്ധതി വഴി നിയമനം നടത്തുക. ഇതിൽ 25 ശതമാനം പേരെ സൈന്യത്തിലെടുക്കും. മറ്റുള്ളവർക്ക് പിരിഞ്ഞുപോകുമ്പോൾ 10 മുതൽ 12 ലക്ഷം രൂപ വരെ നൽകും. ഇവർക്ക് പെന്‍ഷന്‍ ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുകയാണ്. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരായി വ്യാപക നാശനഷ്ടങ്ങൾ വരുത്തി. പ്രതിഷേധം തണുപ്പിക്കുന്നതിന്‍റെ ഭാഗമായി പദ്ധതിയിൽ തെരഞ്ഞെടുക്കപെടുന്നവരുടെ ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തിയിരുന്നു.