ചെന്നൈയില്‍ വീണ്ടും കസ്റ്റഡി മരണം;അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍


ചെന്നൈ: ചെന്നൈയില്‍ വീണ്ടും പോലീസ് കസ്റ്റഡിയിലിരുന്ന ഒരാള്‍ മരിച്ചു. രണ്ട് മാസത്തിനിടയില്‍ ചെന്നൈയിലെ രണ്ടാമത്തെ കസ്റ്റഡി മരണമാണ് ഇത്.തിരുവല്ലൂര്‍ സ്വദേശിയായ രാജശേഖര്‍ (30) ആണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.കസ്റ്റഡിമരണത്തില്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം നടത്തും.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ കൊടുങ്ങയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപതില്‍ അധികം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നുമാണ് പോലീസിന്‍റെ വിശദീകരണം. ആരോഗ്യനില മെച്ചപ്പെട്ട ശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു. വീണ്ടും ഇയാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചെന്നും പോലീസ് പറഞ്ഞു.

ഏപ്രിലില്‍ ലഹരിമരുന്ന് കൈവശം വച്ച കേസില്‍ അറസ്റ്റിലായ വിഗ്നേഷും (25) പോലീസ് കസ്റ്റഡിയില്‍വച്ച് മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇയാളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു പോലീസുകാര്‍ അറസ്റ്റിലായിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് എടപ്പാടി കെ.പളനിസ്വാമി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed