പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാനുതകുന്ന ഒരു കേന്ദ്രസർക്കാർ പദ്ധതി


പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം. രണ്ട് തരം എൻപിഎസ് പദ്ധതികളാണ് ഉള്ളത്− ടയർ 1 ഉം ടയർ 2ഉം.

ടയർ 1 റിട്ടയർമന്റ് സേവിംഗ്‌സ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതാണ് ടയർ 1. ഉപഭോക്താവ് പ്രതിമാസം കുറഞ്ഞത് 500 രൂപ നിക്ഷേപമായി നൽകണം. ഈ നിക്ഷേപ പദ്ധതിക്ക് ഇൻകം ടാക്‌സ് സെക്ഷൻ 80 സിസിഡി(1ബി) പ്രകാരമുള്ള നികുതിയിളവും ലഭിക്കും. ടയർ 1 പദ്ധതി പ്രകാരം നിക്ഷേപം നടത്തുന്നവർക്ക് റിട്ടയർമെന്റിന് മുൻപേ തന്നെ 40 ശതമാനം തുക പല മാസങ്ങളിലായി തിരികെ ലഭിക്കും. ബാക്കി 60 ശതമാനം റിട്ടയർമെന്റ് സമയത്ത് മാത്രമേ ലഭിക്കുകയുള്ളു.

ടയർ 2 : പ്രതിമാസം കുറഞ്ഞത് 1000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും അടച്ച പണം പിൻവലിക്കാം. ഇതിൽ നികുതിയിളവുകൾ ലഭിക്കില്ല. 25 വയസ് മുതൽ എൻപിഎസ് പദ്ധതിയിൽ ചേർന്ന ഒരു വ്യക്തി പ്രതിമാസം 5000 രൂപ നിക്ഷേപമായി നൽകണം. റിട്ടയർമെന്റ് കാലത്ത് ഈ വ്യക്തിയുടെ ആകെ നിക്ഷേപം 21 ലക്ഷമായിരിക്കും. 10 ശതമാനം വാർഷിക നിരക്ക് പ്രതീക്ഷിച്ചാൽ നിക്ഷേപം 1.87 കോടിയായി ഉയരും. വിരമിച്ച ശേഷമുള്ള പെൻഷൻ തുകയായി ഇതിന്റെ 65 ശതമാനം മാറ്റിവച്ചാൽ 1.22 കോടി രൂപ വരും. ആൻവിറ്റി നിരക്ക് 10% ആയാൽ പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനമായി ലഭിക്കും. ഇതിന് പുറമെ 65 ലക്ഷം രൂപ പിൻവലിക്കാനും സാധിക്കും.

രാജ്യത്തെ ഏത് പോസ്റ്റ് ഓഫിസ് വഴിയും എൻപിഎസിൽ ചേരാം. താമസിക്കുന്ന സ്ഥലത്തെയോ, ജോലി ചെയ്യുന്ന ഇടത്തേയോ പോസ്റ്റ് ഓഫിസ് തന്നെയാകണമെന്നില്ല. ഓൺലൈൻ വഴിയും എൻപിഎസിൽ അംഗമാകാം.

You might also like

Most Viewed