ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ്; രാജസ്ഥാനെതിരായ മത്സരത്തിന്റെ വേദി മാറ്റി

ഡൽഹി ക്യാപിറ്റൽസ്−രാജസ്ഥാൻ റോയൽസ് മത്സരത്തിൻ്റെ വേദി മാറ്റി. ഈ മാസം 22ന് പൂനെയിൽ തീരുമാനിച്ചിരുന്ന മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിൻ്റെ മത്സരം പൂനെയിൽ നിന്ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ കൊവിഡ് ബാധ ഉയരുകയാണ്. രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്കാണ് ഡൽഹി ക്യാമ്പിൽ കൊവിഡ് പോസിറ്റീവായത്. ഇന്നലെ വരെ അഞ്ച് പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് വൈകുന്നേരം നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ ഒരു കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തു.
ഡൽഹി ക്യാമ്പിൽ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മാർഷ് ഒഴികെ ബാക്കി 4 പേരും സപ്പോർട്ട് സ്റ്റാഫിലുള്ള ആളുകളായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ മാർഷ് ഒഴികെ മറ്റ് താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവായിരുന്നു. ഇന്ന് ന്യൂസീലൻഡ് താരം ടിം സെയ്ഫെർട്ട് ആണ് കൊവിഡ് പോസിറ്റീവായത്.
ഈ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിനാണ് ഡൽഹി ക്യാമ്പിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 16ന് മസാജ് തെറാപിസ്റ്റ് ചേതൻ കുമാർ പോസിറ്റീവായി. ഇന്നലെ നടത്തിയ പരിശോധനയിൽ മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത് സാൽവി, സോഷ്യൽ മീഡിയ കണ്ടൻ്റ് ടീം മാനേജർ ആകാശ് മാനെ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.