കേരളത്തിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചു


തദ്ദേശ ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 28നാണ്. 30വരെ പത്രിക പിൻവലിക്കാം. തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്‍ററി വോട്ടർപട്ടിക ഏപ്രിൽ 25−ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി വരികയാണ്.

വോട്ടിംഗ് മെഷീൻ സംബന്ധിച്ച പരിശീലനം ഉടൻ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ മേയ് 18ന് രാവിലെ 10ന് ആരംഭിക്കും. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

You might also like

  • Straight Forward

Most Viewed