ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു; അഭിമാനകരമായ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ശാരിക / ഹൈദരാബാദ്
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55ന് ഐഎസ്ആർഒയുടെ എൽവിഎം-3 എം-6 വിജയകരമായി വിക്ഷേപിച്ചു. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യവും രണ്ട് മാസത്തിനിടെയുള്ള രണ്ടാമത്തെ വിക്ഷേപണവുമാണിത്. വെറും 16 മിനിറ്റുകൊണ്ട് ഉപഗ്രഹത്തെ ഭൂമിയിൽനിന്ന് 520 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഈ ദൗത്യത്തിന് സാധിച്ചു. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ്, അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2-വിനെയാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിച്ചത്. 6100 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുക എന്നതാണ്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടന്നത്. എൽവിഎം 3 എം 6 വിക്ഷേപണ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന മുന്നേറ്റമാണെന്നും അഭിമാനകരമായ നാഴികക്കല്ലാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ വിജയം ഇന്ത്യയുടെ വിക്ഷേപണ ശേഷിയെ ശക്തിപ്പെടുത്തുകയും ആഗോള വാണിജ്യ വിക്ഷേപണ വിപണിയിലെ നമ്മുടെ പങ്ക് കൂടുതൽ ഉറപ്പിക്കുകയും ചെയ്യുന്നു.
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിനായുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണിതെന്നും കഠിനാധ്വാനികളായ ശാസ്ത്രജ്ഞർക്കും എൻജിനിയർമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
േ്ിേ്
