കൊച്ചി മേയർ വിവാദം; പാർട്ടി എടുക്കുന്ന തീരുമാനമാണ് അന്തിമമെന്ന് കെസി വേണുഗോപാൽ
ശാരിക / കൽപ്പറ്റ
കൊച്ചി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി എടുക്കുന്ന തീരുമാനമാണ് അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ വ്യക്തമാക്കി. ദീപ്തി മേരി വർഗീസ് ദീർഘകാലമായി പാർട്ടിയിൽ സജീവമായ നേതാവാണെന്നും അതിനാൽ അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. മേയർ സ്ഥാനത്തേക്ക് അവർക്ക് ആഗ്രഹം തോന്നിയതിൽ തെറ്റില്ലെന്നും, എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിനോടും 'കടക്ക് പുറത്ത്' എന്ന് പറയുന്ന രീതി കോൺഗ്രസിനില്ലെന്നും ദീപ്തി പാർട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, തന്നെ തഴഞ്ഞതിൽ ദീപ്തി മേരി വർഗീസ് പരസ്യമായി പരിഭവം പ്രകടിപ്പിച്ചു.
നയിക്കണമെന്ന് നേതൃത്വം തന്നെ പറഞ്ഞിരുന്നുവെന്നും എന്നാൽ പിന്നീട് തീരുമാനത്തിൽ മാറ്റം വന്നത് എങ്ങനെയെന്ന് അത് തീരുമാനിച്ചവർ വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. തനിക്ക് പിന്തുണയില്ലെന്ന് പറയുന്നത് മാത്രമാണ് തന്റെ വിഷമമെന്നും പദവി ലഭിക്കാത്തതിൽ പരാതിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. കൗൺസിലർമാർക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാൻ അവസരം നൽകണമായിരുന്നു എന്നും തന്റെ കൂടെ കൂടുതൽ കൗൺസിലർമാർ ഉണ്ടെന്നാണ് വിശ്വാസമെന്നും പറഞ്ഞ ദീപ്തി, തിരഞ്ഞെടുക്കപ്പെട്ട മേയർമാർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വലിയ വിവാദങ്ങളാണ് പുകയുന്നത്. പുതിയ ധാരണയനുസരിച്ച് വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടര വർഷം വീതം പദവി പങ്കിടും. 22 കൗൺസിലർമാരുടെ പിന്തുണ ഷൈനി മാത്യുവിനും 17 പേരുടെ പിന്തുണ വി കെ മിനിമോൾക്കും ലഭിച്ചപ്പോൾ ദീപ്തിക്കൊപ്പം മൂന്ന് പേർ മാത്രമാണ് നിന്നതെന്നാണ് വിവരം. കൂടുതൽ പേർ പിന്തുണച്ചത് ഷൈനിയെ ആണെങ്കിലും ആദ്യ ടേം വി കെ മിനിമോൾക്ക് നൽകാനാണ് തീരുമാനമായത്.
മുതിർന്ന നേതാക്കളുടെ ഈ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം കെപിസിസി സർക്കുലർ അട്ടിമറിച്ചാണെന്നാണ് ദീപ്തി അനുകൂലികളുടെ പ്രധാന ആക്ഷേപം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി തുടങ്ങിയ മുതിർന്ന നേതാക്കളെയും സർപ്രൈസ് സ്ഥാനാർത്ഥികളെയും രംഗത്തിറക്കാൻ പാർട്ടി ശ്രമിക്കുന്നതിനിടെയാണ് കൊച്ചിയിൽ ഇത്തരമൊരു തർക്കം ഉടലെടുത്തിരിക്കുന്നത്.
sdsg
